വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് വഴിവിട്ട് നിയമനം
തിരുവനന്തപുരം: രണ്ടു വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് വഴിവിട്ട് നിയമനം. അനര്‍ട്ട് ഡയറക്ടര്‍ ഹരികുമാറിനാണ് നിയമ വിരുദ്ധമായി വൈദ്യുതി വകുപ്പ് കാലാവധി നീട്ടി നല്‍കിയത്.
ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ ഒരുവര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിക്കൊണ്ട് വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് ഉത്തരവിറക്കിയത്. മുന്‍പ് കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് ഹരികുമാറിനെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചത്. അനര്‍ട്ടിന്റെ തന്നെ 2007 ലെ ടെസം പ്രോജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയതിനെ സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണം നടക്കവെയായിരുന്നു കടകംപള്ളി പ്രത്യേക താല്‍പര്യമെടുത്ത് ഡയറക്ടറായി നിയമിച്ചത്.
ചീഫ് സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവര്‍ നടത്തേണ്ട അനര്‍ട്ട് ഡയറക്ടര്‍ നിയമനം അന്ന് മന്ത്രി നേരിട്ട് നടത്തുകയായിരുന്നുവത്രേ. ധനകാര്യ പരിശോധനാ വിഭാഗവും പിന്നീട് ലോക്കല്‍ഫണ്ട് ഓഡിറ്റും ക്രമക്കേട് സ്ഥിരീകരിച്ചു.
തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ വിജിലന്‍സിനു നല്‍കുകയായിരുന്നു.
സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന് ആരോപിച്ച് എം.വിന്‍സന്റ് എം.എല്‍.എ വിജിലന്‍സ് കോടതിയെ സമീപിക്കുകയും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."