തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വെളളിയാഴ്ച റവന്യൂ മന്ത്രിക്ക് സമര്‍പ്പിക്കും. മാര്‍ത്താണ്ഡം കായല്‍ ഭൂമിയിലെ റോഡ് കൈയേറിയ സംഭവത്തില്‍ മന്ത്രിക്കെതിരേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് മാര്‍ത്താണ്ഡം കായലില്‍ നടത്തിയ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ റവന്യൂമന്ത്രിക്ക് സമര്‍പ്പിക്കുക.
മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ റോഡ് മന്ത്രിയുടെ ടൂറിസം കമ്പനി മണ്ണിട്ട് നികത്തിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റോഡ് കൈയേറിയ വിഷയത്തില്‍ നടപടി അടക്കമുള്ളവ കലക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യും. മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ റോഡ് തന്റെ കമ്പനി മണ്ണിട്ടുയര്‍ത്തിയെന്ന് മന്ത്രി തന്നെ നേരത്തെ സമ്മതിച്ചിരുന്നു. ഈ മണ്ണ് നീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ടൂറിസം കമ്പനി കലക്ടറെ സമീപിച്ചിട്ടുണ്ട് .ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ തീരുമാനം കൈകൊണ്ടിട്ടില്ല.
മണ്ണ് മാറ്റാന്‍ മന്ത്രിയുടെ ടൂറിസം കമ്പനി തയാറാണെന്ന പരാമര്‍ശവും കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. നിലം നികത്തിയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ ഭൂമി തങ്ങള്‍ പാട്ടത്തിനെടുത്തതാണെന്ന നിലപാടിലാണ് മന്ത്രിയുടെ കമ്പനി. മന്ത്രിയുടെ സഹോദരിയുടെ ഭൂമിയാണിതെന്ന് തെളിയിക്കുന്ന രേഖകളും വാട്ടര്‍വേള്‍ഡ് കമ്പനി അധികൃതര്‍ കലക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തിലും കലക്ടര്‍ റിപ്പോര്‍ട്ടില്‍ തീര്‍പ്പ് കല്‍പ്പിക്കും.അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ കലക്ടര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."