സിനിമാ കമ്പനി രൂപീകരിച്ച് ഗുര്‍മീതും ഹണിപ്രീതും തട്ടിയത് കോടികള്‍
ചണ്ഡിഗഡ്: ദേര സച്ച സൗദയുടെത് സാമൂഹിക പ്രവര്‍ത്തനമാണെന്ന് പ്രചരിപ്പിച്ച് നിര്‍മിച്ച സിനിമകളിലൂടെ ഗുര്‍മീത് റാം റഹിം സിങ്ങും വളര്‍ത്തുമകളായ ഹണിപ്രീതും തട്ടിയെടുത്തത് കോടികളെന്ന് പൊലിസ്. സ്ത്രീപീഡന കേസില്‍ ശിക്ഷിക്കപ്പെടുന്നതിന് മുന്‍പുതന്നെ ഗുര്‍മീതും ഹണിപ്രീതും നികുതി വെട്ടിക്കാനായി നടത്തിയ തട്ടിപ്പുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം കമ്പനി നിര്‍മിച്ച സിനിമകളുടെ പേരിലാണ് ഇരുവരും പണം കൈപ്പറ്റിയത്. ഹകികാറ്റ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനിയാണ് ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള്‍ നിര്‍മിച്ചത്. സിനിമ സംവിധാനം ചെയ്തതിനും ഇതില്‍ നായകനായി അഭിനയിച്ചതിനും 6.43 കോടി രൂപയാണ് സ്വന്തം കമ്പനിയില്‍ നിന്ന് ഗുര്‍മീത് കൈപ്പറ്റിയത്.
ഹണിപ്രീത് 60 ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്. സിനിമാ നിര്‍മാണ കമ്പനിയുടെ ഡയരക്ടര്‍മാരും ഓഹരി ഉടമകളും ദേരാ അനുയായികളാണ്. ഹകികാറ്റിന്റെ ബാലന്‍സ് ഷീറ്റില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കമ്പനി സെക്രട്ടറി രവി ഭൂഷണ് അറിയിച്ചത്.
ഓഹരി ഉടമകള്‍ക്കു ലാഭവിഹിതം കിട്ടിയിട്ടില്ലെങ്കിലും ഗുര്‍മീതിന് ആവശ്യത്തിലധികം പണം കിട്ടുകയും ചെയ്തു. മൂന്നു ഡസനിലധികം കമ്പനികളാണ് ഗുര്‍മീതിന് സ്വന്തമായി ഉണ്ടായിരുന്നത്. പല കമ്പനികള്‍ രൂപീകരിച്ചതും അതിലെ ഡയരക്ടറും ഗുര്‍മീത് തന്നെയായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഇമിഗ്രേഷന്‍ സര്‍വിസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് നടന്നിരുന്നത്.
ഗുര്‍മീതും മകന് ജസ്മീത് ഇന്‍സാനും ആയിരുന്നു പോഷ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സാറ്റ് ഫ്രൂട്സ് ആന്‍ഡ് റഫര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയരക്ടര്മാര്. ഗ്ലോറിയസ് ഇമിഗ്രഷന്‍ കണ്‍സല്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹകികാറ്റ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഗുര്മീതിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."