എസ്.ബി.ഐ ശാഖ അടച്ചുപൂട്ടുന്നതിനെതിരേ ബഹുജന പ്രതിഷേധം
ഫറോക്ക്: എസ്.ബി.ഐ ബേപ്പൂര്‍ ശാഖ അടച്ചു പൂട്ടുന്നതിനെതിരേ ബഹുജന രോഷമുയരുന്നു. ആയിരക്കണക്കിനു ഇടപാടുകാരുളള ബേപ്പൂരിലെ ഏക ദേശസാല്‍കൃത ബാങ്കാണ് അടച്ചുപൂട്ടാന്‍ തയാറെടുക്കുന്നത്. എസ്.ബി.ടി- എസ്.ബി.ഐ ലയനത്തിന്റെ മറപിടിച്ചാണ് ബേപ്പൂരിലെ എസ്.ബി.ഐ ശാഖ വടക്കെ അറ്റത്തെ അതിര്‍ത്തി പ്രദേശമായ അരക്കിണറിലുളള എസ്.ബി.ടി ശാഖയോടു ചേര്‍ക്കുന്നത്. ഇതിനെതിരേ ജനകീയ പ്രക്ഷോഭത്തിനിറങ്ങാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ബേപ്പൂര്‍ അങ്ങാടിയിലാണ് നിലവില്‍ എസ്.ബി.ഐ ശാഖ പ്രവര്‍ത്തിക്കുന്നത്. പോര്‍ട്ട്, ഫിഷിംഗ് ഹാര്‍ബര്‍, ലക്ഷദ്വീപിന്റെ വിവിധ ഓഫിസുകള്‍, കോസ്റ്റ് ഗാര്‍ഡ് കേന്ദ്രം,സര്‍ക്കാര്‍ ഐ.ടി.ഐ, കയര്‍ ഫാക്ടറി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലുളളവരെല്ലാം ആശ്രയിക്കുന്ന ബാങ്കാണ് ഇത്. കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തിലുളളവരും ഹാര്‍ബറുമായി ബന്ധപ്പെട്ടുളള നൂറു കണക്കിനു തൊഴിലാളികളും ഉദ്യോഗസ്ഥരും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, തുടങ്ങിയവര്‍ക്കെല്ലാം ബാങ്ക് ഇല്ലാതാകുന്നത് തിരിച്ചടിയാകും. ഇവരോടൊപ്പം പ്രദേശത്തെ ആയിരകണക്കിനു ജനങ്ങളും ഇടപാടുകള്‍ക്കായി 4 കിലോമീറ്റര്‍ സഞ്ചരിക്കണം. എസ്.ബി.ടി.-എസ്.ബി.ഐ ലയനത്തിനു മുമ്പേ തന്നെ എസ്.ബി.ഐ ശാഖ ബേപ്പൂരില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു താല്‍ക്കാലികമായി പിന്‍വലിക്കുകയായിരുന്നു. പുതിയ ലയനം ബാങ്കുകാരുടെ മുന്‍ തീരുമാനം നടപ്പാക്കാനുളള കുറുക്ക് വഴിയാക്കുകയാണ്.
ബാങ്ക് അടച്ചു പൂട്ടുന്നതിനെതിരേ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സംഘടിച്ചു പ്രക്ഷോഭത്തിനൊരുങ്ങാന്‍ വെളളിയാഴ്ച ബേപ്പൂരില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി ബാങ്ക് ഉന്നതമേധാവികള്‍ക്ക് നിവേദനം നല്‍കും. അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. ടി.ഹസ്സന്‍, എം.രാജഗോപാലന്‍, ടി.അനില്‍കുമാര്‍, സുഭാഷ് പാത്തഞ്ചേരി, എ.എം.അനില്‍കുമാര്‍, കെ.വി.മുസ്തഫ, എം.മമ്മദ്‌കോയ, ഭരതന്‍ പളളിപ്പുറത്ത്, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പി.സുഭാഷ് (ചെയര്‍മാന്‍) ടി.ഹസ്സന്‍ (കണ്‍വീനര്‍) ടി.കെ.അബ്ദുല്‍ ഗഫൂര്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."