മന്ത്രിമാരുെട പരീക്ഷ കഴിഞ്ഞു; പൂര്‍ണ തൃപ്തിവരാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: പരീക്ഷക്കായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഉപദേശം. പ്രവര്‍ത്തിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഓര്‍മ വേണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എതിര്‍പ്പുകള്‍ ഉണ്ടാകാം. അത് അവഗണിക്കണം. പദ്ധതി നടത്തിപ്പില്‍ വേഗത വേണം. എന്തെങ്കിലും തടസം നേരിട്ടാല്‍ അത് തന്നെ അറിയിക്കണം. തടസങ്ങള്‍ നീക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാം. നിലവിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. വന്‍കിട പദ്ധതികളില്‍ തന്റെ ഓഫിസിന്റെ മേല്‍നോട്ടമുണ്ടാകും. പദ്ധതി വിഹിതം വേഗത്തില്‍ ചെലവിടണം. ജനുവരി ആകുമ്പോള്‍ 80 ശതമാനം എങ്കിലും ചെലവിട്ടിരിക്കണം.
ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പാണ് പദ്ധതി വിഹിതം ചെലവിടുന്നതില്‍ പിന്നിലുള്ളത്. ഇതിന് മാറ്റം വരണം. വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് വേഗത്തിലാക്കണമെന്ന് തദ്ദേശമന്ത്രി കെ.ടി ജലീലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പന്ത്രണ്ടു മന്ത്രിമാരും അവരുടെ വകുപ്പ് സെക്രട്ടറിമാരുമാണ് ഇന്നലെ ഒന്നര വര്‍ഷത്തെ പ്രകടനം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ആദ്യ ദിവസം അഞ്ചു മന്ത്രിമാരെയാണ് മുഖ്യമന്ത്രി കണ്ടത്. ധനമന്ത്രി തോമസ് ഐസകിനെ കൂടിക്കാഴ്ചയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ നളിനി നെറ്റോ, വി.എസ് സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.
അതേസമയം, ഒരു മന്ത്രിയുടെയും വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, വന്‍കിട പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രൂപം നല്‍കിയ വന്‍കിട പദ്ധതി മാര്‍ഗരേഖയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും തീരുമാനമായി.
ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഇഴകീറി പരിശോധിച്ചു. ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പും തുടര്‍ നടപടികളും വരുംദിവസങ്ങളില്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും ചികിത്സാ പദ്ധതിയും നടപ്പാക്കണം. ഈ വര്‍ഷം അഞ്ചുലക്ഷം പേരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കണമെന്നും അപകടകരമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരിഷ്‌കൃത രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങളുണ്ട്. ജോലിസമയത്ത് തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കരാറുകാരനായിരിക്കണം.
കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് പൂര്‍ത്തിയാകും. വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട് നിര്‍മിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പാക്കും. ഒരു പഞ്ചായത്തില്‍ ഒരു മാതൃകാ പകല്‍വീട് നിര്‍മിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകള്‍ നടത്തുന്ന പദ്ധതികള്‍ നേരിടുന്ന തടസങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഇത് പരിഹരിക്കാന്‍ തുടര്‍ച്ചയായ അവലോകന യോഗങ്ങള്‍ ചേരാനും തീരുമാനമായി. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."