മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ധന വില കുറച്ചു
മുംബൈ ഗാന്ധിനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഇന്ധനത്തിന് ഈടാക്കിയിരുന്ന സംസ്ഥാന നികുതിയായ വാറ്റ് ഒഴിവാക്കി. ഗുജറാത്തിലാകട്ടെ 24 ശതമാനം ഈടാക്കിയിരുന്ന വാറ്റ് നാല് ശതമാനമാക്കി.
നികുതി നീക്കിയതോടെ മഹാരാഷ്ട്രയില്‍ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയുടെയും കുറവുണ്ടായി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടു രൂപയുടെ കുറവുണ്ടായിരുന്നു.
'ഇത് ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണെന്ന് വാറ്റ് എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗാന്തിവാര്‍ പറഞ്ഞു. ഇന്നലെ അര്‍ധരാത്രി മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. വാറ്റ് എടുത്തുകളഞ്ഞതോടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 2,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
ഗുജറാത്തില്‍ വാറ്റ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി വിജയ്‌രൂപാനിയായിരുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയിരുന്നത് 24 ശതമാനം നികുതിയായിരുന്നു. ഇത് നാല് ശതമാനമാക്കിയാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 2.93 രൂപയുടെയും ഡീസലിന് 2.72 രൂപയും കുറവ് വരും. നികുതി കുറച്ചതോടെ ഗുജറാത്തില്‍ പെട്രോളിന് ലിറ്ററിന് 67.63 രൂപയും ഡീസലിന് 60.77 രൂപയുമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നികുതി കുറച്ചതോടെ സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 2,316 കോടിയുടെ കുറവാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വിജയ്‌രൂപാനി പറഞ്ഞു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധനവിലയില്‍ കുറവുവരുത്താന്‍ സര്‍ക്കാര്‍ തയാറായത്. പ്രതിസന്ധിയിലകപ്പെട്ട ബി.ജെ.പിക്ക് ജനപിന്തുണ നഷ്ടമാകുന്നുവെന്ന തിരിച്ചറിവാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണം.
ഗുജറാത്തിനും മഹാരാഷ്ട്രക്കും പിന്നാലെ ഇന്നലെ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഇന്ധനവില കുറച്ചു. ഇന്ധനത്തിന് സംസ്ഥാനം ചുമത്തുന്ന വാറ്റ് നികുതി എടുത്തുകളഞ്ഞാണ് വീരഭദ്ര സിങ് സര്‍ക്കാര്‍ വിലകുറച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പെട്രോളിന് 27 ശതമാനവും ഡീസലിന് 16 ശതമാനവുമാണ് വാറ്റ് ചുമത്തിയിരുന്നത്. ഇത് ഒരു ശതമാനമാക്കിയാണ് സര്‍ക്കാര്‍ കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."