അമിത് ഷായുടെ മകനെതിരായ അഴിമതി ആരോപണം; പ്രതിപക്ഷ നീക്കം ബി.ജെ.പി സമ്മര്‍ദത്തില്‍
വഡോദര: അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരായ അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരായ സമ്മര്‍ദം പ്രതിപക്ഷം ശക്തമാക്കി. നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തില്‍ ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഴിമതി ചൂണ്ടിക്കാട്ടിയാണ് രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം ക്ുറിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും അന്വേഷണം ആവശ്യപ്പെടണമെന്നും കഴിഞ്ഞദിവസം ആവശ്യപ്പെട്ട രാഹുല്‍, ഇന്നലെ ഗുജറാത്തില്‍ വച്ച് മോദിയെയും അമിത്ഷായെയും പരിഹസിക്കുകയും ചെയ്തു. വഡോധദരയില്‍ ജനങ്ങളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.
മോദിയുടെ സ്റ്റാര്‍ട് അപ്പ് പദ്ധതികളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും അതിന്റെ പ്രതീകമായ ജയ്ഷായെ കുറിച്ചു നിങ്ങള്‍ക്ക് അറിയുമോയെന്നും രാഹുല്‍ പരിഹസിച്ചു. അഴിമതിയില്‍ നരേന്ദ്രമോദി കാവല്‍ക്കാരനാണോ അതോ പങ്കാളിയാണോ എന്നും അദ്ദേഹം ചോദിച്ചു.
ആരോപണത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയാറാകാണമെന്ന് സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. രാഹുല്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്ന തക്കം നോക്കി അദ്ദേഹത്തിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടികളില്‍ അമിത്ഷാ പങ്കെടുത്തെങ്കിലും അഴിമതിയാരോപണത്തെ കുറിച്ചു പ്രതികരിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഘടകം കോണ്‍ഗ്രസ് ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്നലെ വൈകീട്ട് മാര്‍ച്ച് നടത്തി.
എന്നാല്‍ ജയ്ഷാക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കഴിഞ്ഞകാലങ്ങളിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തില്‍ ബി.ജെ.പി നടത്തിവരുന്ന 'ജനരക്ഷാ യാത്ര' പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത്ഷാ ഡല്‍ഹിക്ക് മടങ്ങിയത് മകനെതിരേ വാര്‍ത്ത വരുന്നത് മുന്‍കൂട്ടിയറിഞ്ഞതു പ്രകാരമായിരുന്നുവെന്ന റിപ്പോര്‍ട്ടും ഉണ്ട്. ജയ് ഷായുടെ കമ്പനിയെ കുറിച്ച് 'വയര്‍' അന്വേഷണം നടത്തുന്നതായി ജയ് ഷാക്കു വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ അദ്ദേഹം അമിത്ഷായെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പിണറായിയിലെ പരിപാടി ഉപേക്ഷിച്ച് അമിത് ഷാ ഡല്‍ഹിയിലേക്കു പോയതെന്നാണ് റിപ്പോര്‍ട്ട്.
ജയ് ഷായുടെ വരുമാന വര്‍ധനവ്:
മാധ്യമ പ്രവര്‍ത്തകക്ക് ഭീഷണി
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ വരുമാന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രോഹിണി സിങ്ങിനെതിരേ ഭീഷണി. തനിക്കെതിരായ ഭീഷണി സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്.
റോബര്‍ട്ട് വദേരക്കെതിരേയും അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടാകാത്ത വിധത്തിലുള്ള ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും അവര്‍ പറയുന്നു. ഇതോടൊപ്പം താന്‍ തനിക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും തന്റെ ആത്യന്തിക ലക്ഷ്യം അധികാരത്തിനെതിരേ സത്യം വിളിച്ചു പറയലാണെന്നും രോഹിണി സിങ് പറയുന്നു.
അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയായ ഷാ ടെംപിള്‍ എന്റര്‍പ്രൈസസ് ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വിട്ടത് രോഹിണി സിങ്ങാണ്. ദി വയര്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ ജയ് ഷാ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.
2011ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരക്കെതിരേ ഡി.എല്‍.എഫുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് വാര്‍ത്ത പുറത്തുകൊണ്ടുവന്നത് രോഹിണിയാണ്. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് എന്താണോ അതാണ് വാര്‍ത്തയെന്നും ബാക്കിയെല്ലാം പരസ്യങ്ങളാണെന്ന വരികളും ഭീഷണിയെ ചൂണ്ടിക്കാട്ടി തന്റെ പോസ്റ്റില്‍ അവര്‍ കുറിച്ചിട്ടുണ്ട്.
ജയ്ഷായ്‌ക്കെതിരായ
റിപ്പോര്‍ട്ടില്‍
ഉറച്ച് 'ദി വയര്‍'
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി ഒറ്റവര്‍ഷം കൊണ്ട് 16,000 ഇരട്ടി ലാഭം നേടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത് കൃത്യമായ രേഖകള്‍ ഉപയോഗിച്ചാണെന്ന് 'ദി വയര്‍' മാനേജ്‌മെന്റ് അറിയിച്ചു. വാര്‍ത്തയ്‌ക്കെതിരായ ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണെന്നും ഇവര്‍ അറിയിച്ചു.
പൊതു രേഖകളാണ് വാര്‍ത്തയ്ക്ക് വേണ്ടി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ആശങ്കയും സ്ഥാപനത്തിനില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരേ ജയ് ഷാ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദി വയര്‍ വെബ്‌സൈറ്റിന് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി ഏതറ്റംവരേയും പോകാന്‍ തയാറാണെന്നാണ് സ്ഥാനപത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."