ഇറ്റലിക്ക് ആശ്വാസം; പ്ലേ ഓഫ് കളിക്കാം
ടിറാന: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വമ്പന്‍മാരായ ഇറ്റലിക്കും സ്‌പെയിനിനും ജയം. നിര്‍ണായക പോരാട്ടത്തില്‍ ഇറ്റലി അല്‍ബേനിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ സ്‌പെയിന്‍ ഇതേ സ്‌കോറിന് ഇസ്രാഈലിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ എതിരില്ലാത്ത രണ്ടു ഗോളിന് ഉക്രൈനിനെ വീഴ്ത്തിയപ്പോള്‍ വെയ്ല്‍സിനെ അയര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.
തുടര്‍ച്ചയായ സമനിലകളുമായെത്തിയ ഇറ്റലി അല്‍ബേനിയക്കെതിരേ ഇതാവര്‍ത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യ പകുതി ഗോള്‍രഹിതമായെങ്കിലും 73ാം മിനുട്ടില്‍ അന്റോണിയോ കാന്‍ഡ്രെവയുടെ ഗോളില്‍ രക്ഷപ്പെടുകയായിരുന്നു ഇറ്റലി. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ സ്‌പെയിനിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പ്ലേ ഓഫിലൂടെ മാത്രമേ ടീമിന് യോഗ്യത നേടാന്‍ സാധിക്കൂ. രണ്ടു പാദങ്ങളടങ്ങിയതാണ് പ്ലേ ഓഫ്. എട്ടു ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാരിക്കും മത്സരമുണ്ടാകുക. നവംബറിലാകും പ്ലേ ഓഫ് ഉണ്ടാകുക.
ലിയനാര്‍ഡോ സ്പിനാസോലയുടെ ക്രോസില്‍ നിന്നാണ് കാന്‍ഡ്രെവ ഗോള്‍ നേടിയത്. അതേസമയം നേരത്തെ തന്നെ യോഗ്യത നേടിയ സ്‌പെയിന്‍ പ്രതിരോധത്തിലൂന്നിയ കളിയാണ് ഇസ്രാഈലിനെതിരേ കാഴ്ച്ചവച്ചത്.
76ാം മിനുട്ടില്‍ ഇല്ലാരാമെന്‍ഡിയുടെ ഗോളാണ് സ്പാനിഷ് ടീമിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങളാണ് സ്പാനിഷ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പെഡ്രോ, വിയേര, മാര്‍ക്കോ അസെന്‍സിയോ എന്നിവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ പകുതി അതുകൊണ്ട് തന്നെ ഗോള്‍രഹിതമായിരുന്നു. തകര്‍പ്പനൊരു കോര്‍ണറില്‍ മികച്ചൊരു ഹാഫ് വോളിയിലൂടെയാണ് ഇല്ലാരാമെന്‍ഡി വിജയ ഗോള്‍ നേടിയത്.
ക്രൊയേഷ്യ ക്രാമാറിച്ചിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഉക്രൈനെ വീഴ്ത്തിയത് . ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 62, 70 മിനുട്ടുകളിയാിരുന്നു ക്രാമാറിച്ചിന്റെ ഗോള്‍ പിറന്നത്. വെയ്ല്‍സിനെതിരേ 57ാം മിനുട്ടില്‍ മക്ക്ലീനിന്റെ ഗോളാണ് അയര്‍ലന്‍ഡിന് ജയം സമ്മാനിച്ചത്. മറ്റു മത്സരങ്ങളില്‍ സെര്‍ബിയ എതിരില്ലാത്ത ഒരു ഗോളിന് ജോര്‍ജിയയെും ഓസ്ട്രിയ ഇതേ സ്‌കോറിന് മോള്‍ഡോവയെയും ഐസ്‌ലന്റ് എതിരില്ലാത്ത രണ്ടു ഗോളിന് കൊസോവയെയും മാസിഡോണിയ എതിരില്ലാത്ത നാലു ഗോളിന് ലിച്ചന്‍സ്റ്റെയിനിനെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."