അണ്ടര്‍ 17: ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്നിറങ്ങും
കൊല്‍ക്കത്ത: ടൂര്‍ണമെന്റിലെ ശക്തരായ ഇംഗ്ലണ്ടും ഫ്രാന്‍സും രണ്ടാം ജയം തേടി ഇന്നിറങ്ങും. ഇംഗ്ലണ്ട് മെക്സിക്കോയേയും ഫ്രാന്‍സ് ഏഷ്യന്‍ ശക്തികളായ ജപ്പാനേയുമാണ് നേരിടുക. രണ്ടാം മത്സരത്തില്‍ ഹോണ്ടുറാസ് ന്യു കാലിഡോണിയയേയും ഇറാഖ് ചിലിയെയും നേരിടും. ആദ്യ മത്സരത്തില്‍ എതിരാളികളെ ഗോളില്‍ മുക്കിയ ആത്മ വിശ്വാസവുമായിട്ടാണ് ഫ്രാന്‍സും ഇംഗ്ലണ്ടും കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ഫ്രാന്‍സ് ന്യൂ കാലിഡോണിയയെ തകര്‍ത്തത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ ശക്തികളായ ചിലിയെ ഇംഗ്ലണ്ട് ഗോളില്‍ മുക്കിയത്.
ഏഷ്യന്‍ ശക്തികളായ ജപ്പാന് 6-1 എന്ന സ്കോറിനായിരുന്നു ഹോണ്ടുറാസിനെ തകര്‍ത്തത്. തുടര്‍ന്ന് മെക്സിക്കോയും ഇറാഖും നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഇംഗ്ലണ്ടിനെ നേരിടുന്ന ലാറ്റിനമേരിക്കന്‍ ശക്തികളായ മെക്സിക്കോക്ക് പ്രീക്വാര്ട്ടറിലെത്തണമെങ്കില് ഇന്ന് വിജയം അനിവാര്യമായിരിക്കും. ഇംഗ്ലണ്ടിനെതിരേ വിജയിക്കുകയാണെങ്കില്‍ മാത്രമേ മെക്സിക്കോക്ക് സാധ്യതയുള്ളു. ആദ്യ മത്സരത്തില്‍ വലിയ ഗോളിന്റെ വ്യത്യാസത്തില്‍ ജയിച്ച ജപ്പാനും ഫ്രാന്‍സും തമ്മില്‍ ഏറ്റു മുട്ടുമ്പോള്‍ ഇരുവരെയും സംബന്ധിച്ച് മത്സരം അഗ്നി പരീക്ഷയാകും.
മറ്റൊരു മത്സരത്തില്‍ ഹോണ്ടുറാസ് ന്യൂ കാലിഡോണിയയെ നേരിടും. ഇരു ടീമുകളും ആദ്യ മത്സരത്തില്‍ അര ഡസനിലധികം ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. പ്രീക്വാര്‍ട്ടര്‍ സാധ്യതകളില്ലെങ്കില്‍ ടൂര്‍ണമെന്റിലെ ആദ്യ വിജയത്തിനായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് എഫിലെ ഇറാഖും ചിലിയും തമ്മിലുള്ള മത്സരവും കടുപ്പമേറിയതാകും. ആദ്യ മത്സരത്തിലെ തോല്‍വിയെ മറികടക്കുന്ന പ്രകടനം അവര്‍ക്ക് ആവശ്യമാണ്. സമനിലയില്‍ കുടുങ്ങിയ ഇറാഖ് വിജയം മോഹിച്ച് ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് എഫിലെ മത്സരങ്ങള്‍ ശക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."