എല്ലാം ഒരുക്കി; സോവനീര്‍ മാത്രം മറന്നു
കൊച്ചി: അണ്ടര്‍ 17, സീനിയര്‍ ഫുട്‌ബോള്‍ ലോകകപ്പുകള്‍ റിപോര്‍ട്ടു ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ പോയിട്ടുള്ള വ്യക്തിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും നിലവില്‍ ജര്‍മന്‍ സര്‍വകലാശാലയില്‍ അധ്യാപകനുമായ ഡോ. മുഹമ്മദ് അഷ്‌റഫ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ജര്‍മനിയില്‍ നിന്നാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. ലോകകപ്പ് കാണുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതോടെ കാല്‍പന്തുകളി ആരാധകരായ (അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കളി പ്രാന്തന്‍മാര്‍) ജര്‍മനിയിലെ സുഹൃത്തുകള്‍ സോവനീറുകള്‍ ആവശ്യപ്പെട്ട് വിളി തുടങ്ങി.
ലോകത്ത് ലോകകപ്പ് നടന്ന എല്ലാ രാജ്യങ്ങളിലും നിന്നും സോവനീറുകള്‍ വാങ്ങിയിട്ടുള്ള ഡോ. മുഹമ്മദ് അഷ്‌റഫ് ഇവിടെയും അതെല്ലാം കാണുമെന്ന് കരുതി കൊച്ചി സ്റ്റേഡിയത്തില്‍ എത്തി. ഫലം സ്വാഹ. സോവനീര്‍ എന്ന് കേള്‍ക്കുന്നത് പോലും ആദ്യമെന്ന മട്ടിലായിരുന്നു പ്രാദേശിക സംഘാടകരുടെ പ്രതികരണമത്രേ. ഫിഫ ഉദ്യോഗസ്ഥര്‍ക്കില്ലാത്ത കൊമ്പുണ്ടെന്ന ജാഡയിലാണ് പ്രാദേശിക സംഘാടകര്‍. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യം പിന്നെ പറയുകയും വേണ്ട. രാജാവിനേക്കാള്‍ വലിയ രാജഭക്തിയിലാണ് അവരും.
ഇത് ഡോ. മുഹമ്മദ് അഷ്‌റഫിന്റെ മാത്രം സ്ഥിതിയല്ല. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കളികാണാനും റിപോര്‍ട്ട് ചെയ്യാനും എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സോവനീര്‍ തേടി എത്തുന്നുണ്ട്.
അധികം പേരും തേടുന്നത് ഇന്ത്യ ആതിഥ്യമേകുന്ന 2017 ലോകകപ്പിന്റെ ഭാഗ്യമുദ്രയായ ഖേലിയോയുടെ പാവകളും കോട്ടില്‍ കുത്തുന്ന പിന്നുകളുമാണ്. കളി ഇല്ലാതിരുന്ന ഞായറാഴ്ചയും രണ്ടു കളികള്‍ നടന്ന ഇന്നലെയും സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലും ചുറ്റുവട്ടത്തും സ്മരണികകള്‍ വില്‍ക്കുന്ന ഔദ്യോഗിക ഷോപ്പുകള്‍ തേടി ആളുകള്‍ അലയുകയായിരുന്നു. സോവനീര്‍ ഷോപ്പുകള്‍ എന്ന് കേള്‍ക്കുന്നത് തന്നെ ആദ്യമെന്ന മട്ടിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും അടക്കമുള്ളവരുടെ പ്രതികരണം.
സോവനീര്‍ എന്നത് ചിലര്‍ക്ക് ഫലിതമായാണ് തോന്നിയത്. ലോകകപ്പും ഒളിംപിക്‌സും പോലുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ സോവനീര്‍ ഷോപ്പുകള്‍ ഉണ്ടാകുമെന്നതാണ്. എന്തിന് ദേശീയ ഗെയിംസ് നടത്തിയപ്പോള്‍ പോലും നമ്മള്‍ സോവനീര്‍ ഷോപ്പുകള്‍ തുറന്നിരുന്നു. സോവനീറുകള്‍ സ്മരണകള്‍ മാത്രമല്ല ആതിഷേയ നാടിന്റെ ഓര്‍മകള്‍ കൂടിയാണ്.
കോട്ടില്‍ കുത്തുന്ന പിന്നിനും ഖേലിയോ വാച്ചിനും പേനക്കും പാവകള്‍ക്കും കാത്തിരിക്കുന്ന സായിപ്പുമാരോടും മദാമ്മമാരോടും ഞാന്‍ എന്ത് പറയും. അതൊന്നും ഇവിടെ കിട്ടില്ല എന്നു പറഞ്ഞാല്‍ അവര്‍ അത് എങ്ങനെ വിശ്വസിക്കും ഡോ. മുഹമ്മദ് അഷ്‌റഫ് പറയുന്നു. ഇത് ഡോ. മുഹമ്മദ് അഷ്‌റഫിന്റെ മാത്രം കാര്യമല്ല വിദേശങ്ങളില്‍ നിന്നെത്തിയവരുടെ എല്ലാം അവസ്ഥയാണ്. 66 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലോകകപ്പിന്റെ പേരില്‍ മുടക്കിയത്. അതില്‍, നിന്ന് ചെറിയൊരു തുക വകയിരുത്തിയിരുന്നെങ്കില്‍ സോവനീറുകള്‍ വിദേശികള്‍ക്ക് കേരളത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ സമ്മാനിക്കാമായിരുന്നു. കുടിവെള്ളം പോലും കൊടുക്കാനാവാതെ വന്നവര്‍ക്ക് എന്ത് സോവനീര്‍. എന്ത് ഓര്‍മകള്‍. സോവനീര്‍ ഇല്ലാത്ത ആദ്യ കൗമാര ഫുട്‌ബോള്‍ ലോകകപ്പിന് നാം ആതിഥ്യമേകിയെന്ന് അഭിമാനിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."