സ്വര്‍ണക്കടത്ത്: വിദേശ വനിതയടക്കം നാലുപേര്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് തടയിടാന്‍ കസ്റ്റംസ് വിഭാഗം ശക്തമായ പരിശോധനകളുമായി മുന്നോട്ടു പോകവേ അനധികൃതമായി സ്വര്‍ണം കടത്താന്‍ വീണ്ടും ശ്രമം. ഒരു വിദേശ വനിത ഉള്‍പ്പെടെ നാല് പേരാണ് ഇന്നലെ പിടിയിലായത്.
ഇവര്‍ നാല് പേരും നാല് വിമാനങ്ങളിലായാണ് നെടുമ്പാശ്ശേരിയിലെത്തിയത്. സുഡാന്‍ സ്വദേശിനി നസ്രദിന്‍ ആണ് പിടിയിലായ വിദേശ വനിത. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ബാസിത്, ഹുസൈന്‍ പോളക്കല്‍, അബ്ദുള്‍ മജീദ് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പേര്‍. വിദേശ വനിത അടിവസ്ത്രത്തിലും മറ്റുള്ളവര്‍ മലദ്വാരത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ അബ്ദുല്‍ ബാസിതില്‍ നിന്ന് 233 ഗ്രാമും, മിലിന്‍ഡോ എയര്‍ലൈന്‍സില്‍ കോലാലംപൂരില്‍ നിന്നും വന്ന ഹുസൈന്‍ പോളക്കലില്‍ നിന്നും 200 ഗ്രാമും, ടൈഗര്‍ എയര്‍ വിമാനത്തില്‍ സിംഗപ്പൂരില്‍ നിന്നും വന്ന അബ്ദുള്‍ മജീദില്‍ നിന്ന് 500 ഗ്രാം സ്വര്‍ണവും വീതമാണ് പിടിച്ചെടുത്തത്.
സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ സിംഗപ്പൂരില്‍ നിന്നും വന്ന സുഡാന്‍ സ്വദേശിനി നസ്രദിനില്‍ നിന്നും 470 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വി.ശിവരാമന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."