ഹമാസ്- ഫത്ഹ് അനുരഞ്ജന ചര്‍ച്ച തുടങ്ങി
കെയ്റോ: ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഹമാസ്, ഫത്ഹ് നേതാക്കള്‍ തമ്മിലുള്ള അനുരഞ്ജന ചര്‍ച്ച തുടങ്ങി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്റോയിലാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച ഫലപ്രദമാകുകയാണെങ്കില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു ഫലസ്തീനില്‍ തുടക്കംകുറിക്കും.
നിലവില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലാണ്. ഈ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് രാജ്യത്ത് ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇതു നടന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന ഹമാസ്- ഫത്ഹ് ഭിന്നത ഇല്ലാതാകും.
ഫലസ്തീന് പ്രധാനമന്ത്രി റാമി ഹംദുല്ല ഗസ്സ സന്ദര്‍ശിച്ചതിനു ശേഷമാണ് അനുരഞ്ജന ശ്രമങ്ങള്‍ക്കു വേഗത കൈവന്നത്. നിലവില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയുടെ നിയന്ത്രണം ഫലസ്തീന് സര്‍ക്കാരിനു വിട്ടുനല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയാകുമെന്നാണ് അറിയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഗസ്സയില്‍ സര്‍ക്കാര്‍ സൈനികരെ വിന്യസിക്കും. ഇത് ഇസ്റാഈല്‍- ഫലസ്തീന് അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്നങ്ങളില്‍നിന്നു ഫലസ്തീന് ജനതയ്ക്ക് ഒരുപരിധിവരെയെങ്കിലും രക്ഷയാകുമെന്നാണ് വിലയിരുത്തല്‍.
ഹമാസ് നേതാവ് സലാഹ് അല്‍ അറോരി, ഫത്ഹ് നേതാവ് അസം അല്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഗസ്സയിലെ ജനങ്ങളുടെ അഭിലാഷമാണ് പുതിയ ഐക്യസര്ക്കാരിലൂടെ പൂവണിയുകയെന്നാണ് ഹമാസും ഫത്ഹും പ്രതികരിച്ചത്. ചര്‍ച്ചയെ സുപ്രധാന ചുവടുവയ്പ്പെന്ന് വിശേഷിപ്പിച്ച ഫലസ്തീന് പ്രധാനമന്ത്രി റാമി ഹംദല്ല, ഐക്യത്തിലൂടെ മാത്രമേ ലക്ഷ്യം നേടാനാകൂവെന്ന് എല്ലാവരും തിരിച്ചറിഞ്ഞതായും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."