ദ.കൊറിയ- യു.എസ് യുദ്ധരേഖകള്‍ ചോര്‍ത്തി ഉ.കൊറിയന്‍ ഹാക്കര്‍മാര്‍
പ്യോങ്‌യാങ്: അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള യു.എസ്- ദക്ഷിണ കൊറിയ നയതന്ത്ര രഹസ്യരേഖകള്‍ ചോര്‍ത്തി ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍. പ്രത്യേക കാഷെ മെമ്മറികളില്‍ സൂക്ഷിച്ചിരുന്ന യു.എസ്- ദ.കൊറിയ സൈനികരേഖകളാണ് ഉ. കൊറിയന്‍ സംഘം ഹാക്ക് ചെയ്തത്. ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള ഞെട്ടിപ്പിക്കുന്ന രേഖകളാണു പുറത്തുവന്നിരിക്കുന്നത്.
ദ. കൊറിയ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് ഇന്റഗ്രേറ്റഡ് ഡാറ്റാ സെന്ററില്‍ ശേഖരിച്ചിരുന്ന 235 ജിഗാബൈറ്റ് വരുന്ന സൈനികരേഖകളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇതില്‍ 80 ശതമാനവും തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ഹാക്കിങ് നടന്നതായാണു വിവരം. തങ്ങളുടെ വന്‍തോതിലുള്ള നയതന്ത്രരേഖകള്‍ ഉ. കൊറിയ മോഷ്ടിച്ചതായി കഴിഞ്ഞ മെയില്‍ ദ. കൊറിയ ആരോപിച്ചിരുന്നു. എന്നാല്‍, ഇതിന്റെ തെളിവുകള്‍ നല്‍കാന്‍ അവര്‍ക്കായിരുന്നില്ല.
അതേസമയം, ഉ. കൊറിയ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ദ.കൊറിയ കള്ളക്കഥകള്‍ പടച്ചുണ്ടാക്കുകയാണെന്ന് ഉ. കൊറിയ ആരോപിച്ചു. ഹാക്കിങ് വിവരം ദ. കൊറിയ പ്രതിരോധ മന്ത്രാലയമാണു പുറത്തുവിട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനു മന്ത്രാലയം തയാറായിട്ടില്ല.
മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തയാറാക്കിയ യുദ്ധത്തിനുള്ള പദ്ധതികളും ഹാക്ക് ചെയ്യപ്പെട്ട രേഖകളില്‍ ഉള്‍പ്പെടും. ദ. കൊറിയയുടെ സൈനികപദ്ധതികള്‍ക്കുപുറമെ രാജ്യത്ത് സ്ഥാപിക്കാനിരിക്കുന്ന പുതിയ സൈനിക സജ്ജീകരണങ്ങള്‍, ആണവ പ്ലാന്റുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍, ദ.കൊറിയ- യു.എസ് സൈനിക കമാന്‍ഡര്‍മാര്‍ക്കു സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളും അനുബന്ധ സംവിധാനങ്ങളുമടക്കം ഉ. കൊറിയ തങ്ങള്‍ക്കെതിരേ വന്‍ സൈബര്‍ ആക്രമണം നടത്തിയതായി ദ. കൊറിയയുടെ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പലപ്പോഴായി ഇത്തരം ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലടക്കം വിദഗ്ധ പരിശീലനം ലഭിച്ച ഹാക്കര്‍മാരാണ് ഇതിനുപിന്നിലെന്നാണ് ദ. കൊറിയ ആരോപിക്കുന്നത്.
മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ കൂടുല്‍ വഷളാക്കുന്നതാണു പുതിയ വെളിപ്പെടുത്തല്‍. ആണവ- മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഉ. കൊറിയക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."