മാനനഷ്ടക്കേസിലൂടെ കുഴിച്ചുമൂടാനാവുകയില്ല ജയ്ഷാ അഴിമതി
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷാ കോടീശ്വരനായി തീര്‍ന്നതിന്റെ ഉള്ളറ രഹസ്യമാണിപ്പോള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതി അമിത്ഷായ്ക്കും മകനുമാണ് പ്രയോജനപ്പെട്ടിരിക്കുന്നത്. ജയ്ഷായുടെ കമ്പനി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയ അവിശ്വസനീയമായ ആസ്തിയെക്കുറിച്ച് വെബ് വാര്‍ത്താ ഏജന്‍സിയായ 'ദ വയര്‍' ആണ് പുറത്തുവിട്ടത്. വാര്‍ത്ത പുറത്തു വരും മുമ്പെ ജയ്ഷാ നിയമോപദേശം തേടാന്‍ പോയത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അടുത്തേക്കാണ് എന്നത് ഏറെ ദുരൂഹത ഉയര്‍ത്തുന്നു. ഇദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചായിരിക്കാം വാര്‍ത്ത നല്‍കിയ രോഹിണി സിങിനും 'ദ വയര്‍' എഡിറ്റര്‍ക്കുമെതിരെ ജയ്ഷാ ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
മാനനഷ്ടക്കേസ് കൊടുത്താല്‍ നിഷ്പക്ഷ മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനാകുമെന്നാണോ ബി.ജെ.പി കരുതുന്നത്. തലകത്തുമ്പോള്‍ മലകത്തുന്നതില്‍ എന്ത് കാര്യമെന്നോര്‍ത്താവണം ജനരക്ഷാ യാത്ര പിണറായിയിലുപേക്ഷിച്ച് അമിത്ഷാ കടന്നുകളഞ്ഞത്. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കുകയില്ലെന്നും അഴിമതിയുടെ കാര്യത്തില്‍ തനിക്ക് ബന്ധുക്കളും മിത്രങ്ങളുമില്ലെന്നും ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ കഴിഞ്ഞ മാസമാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അതിന്റെ ചൂടാറും മുമ്പാണ് ജയ്ഷായുടെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍, പതിവുപോലെ നരേന്ദ്രമോദി മൗനത്തിന്റെ വാല്‍മീകത്തിലാണ്.
അമിത്ഷായോട് രാജി ആവശ്യപ്പെടാനുള്ള ആര്‍ജവം നരേന്ദ്രമോദിക്കില്ല എന്നുവേണം കരുതാന്‍. നേരത്തെ അഴിമതിയാരോപണങ്ങള്‍ നേരിട്ടതിന് മുന്‍ ബി.ജെ.പി പ്രസിഡന്റുമാരായ നിധിന്‍ ഗഡ്ഗരിയും ബങ്കാരു ലക്ഷ്മണനും ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് അമിത്ഷാ മാതൃകയാക്കണമെന്നില്ല. നരേന്ദ്രമോദി-അമിത്ഷാ ദ്വയത്തിന്റെ നിയന്ത്രണത്തില്‍ ഭരണകൂടവും പാര്‍ട്ടിയും അമര്‍ന്നിരിക്കുമ്പോള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ബി.ജെ.പിയില്‍ പുലരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
2004ല്‍ അമിത്ഷായുടെ മകന്‍ ജയ്ഷായും ജിതേന്ദ്രഷായും ഡയറക്ടര്‍മാരായി തുടങ്ങിയ കമ്പനിക്ക് കാര്യമായ വിറ്റുവരവോ ആസ്തിയോ ഉണ്ടായിരുന്നില്ല. എന്നാല്‍, നരേന്ദ്രമോദി ഭരണമേറ്റെടുത്ത 2014 മുതല്‍ക്കാണ് ജയ്ഷാ കോടികളുടെ ഉടമയായത്. 2014-15 വര്‍ഷങ്ങളില്‍ റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18,728 രൂപയുമായിരുന്നത് 2015-16 ആയപ്പോഴേക്കും 80.5 കോടി ആസ്തിയിലേക്ക് കുതിച്ചെത്തിയതിന്റെ ബിസിനസ് രഹസ്യം പുറത്തുപറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കാരണം സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെയാണ് ഇത്രയും കോടികള്‍ അമിത്ഷായുടെ മകന്‍ കരസ്ഥമാക്കിയിരിക്കുന്നത്.
സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരേ അഴിമതിയാരോപണം ആഘോഷിച്ചവരാണ് ബി.ജെ.പി.
രോഹിണിസിങ് തന്നെയായിരുന്നു ആ സംഭവവും പുറത്ത് കൊണ്ടുവന്നത്. കോണ്‍ഗ്രസ് അന്നു കാണിക്കാത്ത കോലാഹലങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍നിന്നു തന്നെ അഴിമതി പണമാണ് ജയ്ഷായുടെ കൈയിലുള്ളതെന്ന് വ്യക്തമാണ്. റോബര്‍ട്ട് വദ്ര ഹരിയാന സര്‍ക്കാരിന്റെ ഭൂമി തട്ടിപ്പിലൂടെയാണ് അഴിമതി നടത്തിയതെന്ന് ജയ്ഷായ്ക്ക് ലോണ്‍ ക്രമവിരുദ്ധമായി തരപ്പെടുത്തി കൊടുത്ത അന്നത്തെ ഊര്‍ജ വകുപ്പ് മന്ത്രിയായ പിയുഷ് ഗോയലിന്റെ വാദം മുഖവിലയ്‌ക്കെടുക്കാനാകില്ല. പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി ജയ്ഷായുടെ കൈയില്‍ കോടികള്‍ എത്തിച്ചത് ബി.ജെ.പി സര്‍ക്കാര്‍ തന്നെയാണ്. റിലയന്‍സിന് ഇന്ധന വില വര്‍ധനവിലൂടെ കോടികള്‍ സമ്പാദിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമായി റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള നോണ്‍ബാങ്കിങ് ഫൈനാന്‍സ് കോര്‍പറേഷന്‍ വഴി 15 കോടിയാണ് ജയ്ഷാക്ക് നല്‍കിയിരിക്കുന്നത്.
എന്ത് മാനദണ്ഡം അനുസരിച്ചാണ് ഈ തുക നല്‍കിയത് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ജയ്ഷാക്കെതിരെയുള്ള അഴിമതിയാരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നില്ല. പിയുഷ് ഗോയലിനെ രംഗത്തിറക്കി പ്രതിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. നരേന്ദ്രമോദിയുടെ അഴിമതി വിരുദ്ധ മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞുവീണിരിക്കുന്നത്.
കാര്‍ഷികോല്‍പന്നങ്ങള്‍ കയറ്റി അയച്ചാണ് ജയ്ഷാ ഇത്രയും കോടികള്‍ സമ്പാദിച്ചതെങ്കില്‍ എന്ത് ഉല്‍പന്നമാണദ്ദേഹം കയറ്റി അയച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാത്രമല്ല ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള 'ഇരിഡ' എന്ന സ്ഥാപനം എന്ത് ഈടിന്റെയും ആസ്തിയുടെയും ബലത്തിലാണ് 15 കോടിയുടെ പദ്ധതിക്കായി ജയ്ഷാക്ക് വായ്പ നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത്ഷാ-നരേന്ദ്രമോദി ദ്വയം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ഈ അഴിമതി പുറത്തുവരിക തന്നെ ചെയ്യും. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതു കൊണ്ട് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനാവുകയില്ല. ദേശീയ ടെലിവിഷന്‍ മാധ്യമങ്ങളില്‍ ചിലര്‍ ഭരണകൂടത്തിന് മുമ്പില്‍ സാഷ്ടാംഗം നമസ്‌കരിച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യും. ചങ്ങാത്ത മുതലാളിത്തവും അമിതാധികാരവും എന്നെന്നും നിലനില്‍ക്കുകയില്ല. ജനകീയ പ്രക്ഷോഭത്തിലൂടെ അത് തകര്‍ക്കപ്പെടുകതന്നെ ചെയ്യും. അതാണ് ലോകചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."