വിഴിഞ്ഞം തുറമുഖം: നഷ്ടപരിഹാരം വര്‍ധിപ്പിച്ചു; ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍
- കെഫോണ്‍ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി
പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്‌കരിച്ച കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെ.എസ്.ഇ.ബിയും, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിക്കാനാണ് തീരുമാനം. വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനത്തിന് സമാന്തരമായി പുതിയ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കാനാണ് പദ്ധതി. ഇതു വഴി ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. 1028 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
- ശമ്പള പരിഷ്‌കരണം
കേരള പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.
- എയ്ഡഡ് കോളേജുകള്‍
സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ശ്രീ സത്യസായി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്ന പേരില്‍ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ തീരുമാനിച്ചു.
ശ്രീ ശങ്കര ട്രസ്റ്റിനു കീഴില്‍ കിളിമാനൂരില്‍ ശ്രീ ശങ്കര കോളേജ് എന്ന പേരില്‍ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ തീരുമാനിച്ചു.
വനിതാ വികസന കോര്‍പറേഷന് വായ്പ
- കേരള വനിതാ വികസന കോര്‍പ്പറേഷന് കേന്ദ്ര ഏജന്‍സികളില്‍നിന്ന് വായ്പ ലഭിക്കുന്നതിന് 150 കോടി രൂപയുടെ ഗ്യാരണ്ടി നിബന്ധനകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.
- പുതിയ തസ്തികകള്‍
ലീഗല്‍ മെട്രോളജി വകുപ്പില്‍ 21 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.
തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയില്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ കാറ്റഗറികളില്‍ ഓരോ തസ്തിക വീതം അനുവദിക്കാന്‍ തീരുമാനിച്ചു.
- ആറ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍
ആറ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് എണ്‍പത്തിനാല് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പാലക്കാട്, വയനാട് ജില്ലകളിലെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസുകളിലേക്ക് പത്ത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
- വിഴിഞ്ഞം തുറമുഖം: നഷ്ടപരിഹാരം വര്‍ധിപ്പിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വരുന്നതിനാല്‍ ജോലി നഷ്ടപ്പെടുന്ന കരമടി മത്സ്യതൊഴിലാളികള്‍ക്കും തൊഴിലാളി പെന്‍ഷനര്‍മാര്‍ക്കും നിര്‍ദേശിച്ച നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കലക്ടര്‍ അധ്യക്ഷനായ ലൈവലിഹുഡ് ഇംപാക്റ്റ് അപ്രൈസല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത്. ഇതനുസരിച്ച് 8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
- സി. ഉഷാകുമാരി ആയുര്‍വേദ ഡയറക്റ്റര്‍
സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരില്‍ ഏറ്റവും സീനിയറായ ഡോ. സി. ഉഷാകുമാരിയെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."