കാണാതായ സൈനികനെ ഒരുവര്‍ഷത്തിന് ശേഷം കണ്ടെത്തി
മാനന്തവാടി: ഒരു വര്‍ഷം മുന്‍പ് കാണാതായ ബി. എസ്. എഫ് ജവാനെ കണ്ടെത്തി.
നാട്ടിലെത്തി ഓണമാഘോഷിച്ച് സൈനിക ക്യാംപിലേക്ക് മടങ്ങുന്നതിനിടെ കാണാതായ തൃശിലേരി ആനപ്പാറ സ്വദേശി പുതിയപുരയില്‍ പി.എ സുരേഷി(30)നെയാണ് കൊല്‍ക്കത്തയില്‍ വച്ച് കണ്ടെത്തിയത്. ഇയാളുടെ ഇരുകാലുകളും തല്ലിയൊടിച്ച നിലയിലാണ്. മാഫിയാ സംഘത്തിന്റെ തടവിലായിരുന്നു സൈനികനെന്ന് ബന്ധുക്കള്‍ പറഞ്ഞു. 2016 സെപ്റ്റംബര്‍ 28നാണ് സുരേഷ് നാട്ടില്‍ നിന്ന് ഇന്‍ഡോറിലേക്ക് മടങ്ങിയത്. എന്നാല്‍ സുരേഷ് ക്യാംപിലെത്തിയിട്ടില്ലെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ തിരുനെല്ലി പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കൊല്‍ക്കൊത്തയിലാണെന്ന് മനസിലാക്കിയ തിരുനെല്ലി പൊലിസ് സംഘം സുരേഷിനെ അന്വേഷിച്ച് ബംഗാളില്‍ അടക്കം പോകുകയും ചെയ്തു.
എന്നാല്‍ കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം സുരേഷ് ഇവിടെയുണ്ടെന്ന് അറിയിച്ച് കൊല്‍ക്കത്തയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ടെലഫോണ്‍ സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കൊല്‍ക്കത്തയിലെത്തി സുരേഷിനെ നാട്ടിലെത്തിച്ചു.
ബംഗാളിലെ നദിയ ജില്ലയിലെ ബി.എസ്.എഫ് ക്യാംപില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ടവരുമായി ബന്ധമുള്ള മാഫിയാസംഘം ധനാപഹരണത്തിനായി തന്നെ തട്ടിക്കൊണ്ടുപോയതാണെന്നാണ് സുരേഷ് പറയുന്നത്.
എന്നാല്‍ പണം ലഭിക്കാതായതോടെ കാലുകള്‍ അടിച്ചൊടിച്ച് വായില്‍ പശയൊഴിച്ച ശേഷം തന്നെ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും സുരേഷ് പറയുന്നു. തിരുനെല്ലി പൊലിസ് ഇയാളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷിനെ ഒ.ആര്‍ കേളു എം.എല്‍.എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
അതേ സമയം സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുനെല്ലി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."