എയ്ഡഡ് അധ്യാപക നിയമനം: സര്‍ക്കാരിന്റെ പ്രധാന ഭേദഗതികള്‍ ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ.ഇ.ആര്‍) സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന ഭേദഗതികള്‍ ഹൈക്കോടതി അംഗീകരിച്ചു. അതേ സമയം പ്രത്യേക വിജ്ഞാപനമില്ലാതെ 2015 - 16 ലെ സ്റ്റാഫ് ഫിക്‌സേഷന്‍ 2016 - 17 ല്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇത്തരത്തില്‍ സ്റ്റാഫ് ഫിക്‌സേഷന്‍ തുടരാമെന്ന ഭേദഗതി റദ്ദാക്കി. ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില്‍ നിയമനം നടത്തരുതെന്ന ഭേദഗതിയും തള്ളി.
വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിക്കെതിരേ വെങ്ങൂരിലെ എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റുള്‍പ്പെടെ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1979 മേയ് 22 ന് ശേഷം പുതിയതായി തുടങ്ങിയതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ അധ്യാപക ബാങ്കില്‍ നിന്നു വേണമെന്ന വ്യവസ്ഥ കോടതി അംഗീകരിച്ചു.
1979 ന് മുന്‍പുള്ള സ്‌കൂളുകളിലെ ഓരോ രണ്ട് ഒഴിവുകളില്‍ ഒരെണ്ണം അധ്യാപക ബാങ്കില്‍ നിന്നും മറ്റൊന്ന് മാനേജരുടെ താല്‍പര്യത്തിനും നടത്താമെന്നുള്ള വ്യവസ്ഥയും സിംഗിള്‍ബെഞ്ച് ശരിവച്ചു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന കെ.ഇ.ആര്‍ ഭേദഗതികളാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്തത്. മാനേജ്‌മെന്റുകളുടെ അവകാശങ്ങള്‍ കവരുന്ന നടപടിയാണ് ഭേദഗതിയെന്നായിരുന്നു ആരോപണം. 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യം ഭേദഗതിക്കു നല്‍കിയിരുന്നു.
വിരമിക്കല്‍, രാജി, മരണം തുടങ്ങിയ കാരണങ്ങളാലുള്ള ഒഴിവുകളില്‍ മാനേജ്‌മെന്റ് നടത്തിയ നിയമനങ്ങള്‍ക്ക് ഇതോടെ അംഗീകാരം ലഭിക്കാതാവുമെന്നും ഹരജികളില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രൊട്ടക്ടഡ് അധ്യാപകരുടെ നിയമനത്തിന് പ്രാധാന്യം നല്‍കുന്ന ഭേദഗതികള്‍ അംഗീകരിച്ച് സിംഗിള്‍ബെഞ്ച് ഹരജികള്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."