കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കത്തിന്റെ കഥ ഇങ്ങനെ
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ നിര്‍ണായകമായത് സരിത എസ്.നായര്‍ പൊലിസ് കസ്റ്റഡിയില്‍വച്ചെഴുതിയ വിവാദ കത്തായിരുന്നു.
ഇതിനോടകം തന്നെ എം.പിമാരുടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയുമൊക്കെ കുടുംബജീവിതത്തിന് വിള്ളലുണ്ടാക്കിയ കത്ത് വിവാദം ഹൈക്കോടതിവരെ കയറിയിറങ്ങി. കത്ത് നിരവധി പ്രമുഖരുടെ കുടുംബജീവിതം തകര്‍ക്കുന്നുണ്ടെന്നും അതിനാല്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കണമെന്നും സോളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടപ്പോള്‍ സരിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കത്തില്‍ സ്വകാര്യതയുള്ളതിനാല്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കേണ്ട എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരെ പൊലിസ് അറസ്റ്റ് ചെയ്ത് പെരുമ്പാവൂരില്‍ എത്തിക്കുകയായിരുന്നു.സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്ന പ്രവാസിമലയാളിയായ സജാദിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ ഓഫിസില്‍വച്ചാണ് സരിത 2013 ജൂലൈ 19ന് 27 പേജുള്ള കത്ത് എഴുതുന്നത്. തന്നെ ലൈംഗികമായും അല്ലാതെയുമൊക്കെ ഉപയോഗിച്ചവരെപ്പറ്റി അക്കമിട്ട് നിരത്തി വിവരിച്ചുകൊണ്ടായിരുന്നു സരിതയുടെ കത്ത്.
പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് കത്ത് സമര്‍പ്പിക്കാനുണ്ടെന്ന് പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം പെരുമ്പാവൂര്‍ എ.സി.ജെ.എം കോടതിയില്‍ കത്ത് സമര്‍പ്പിക്കാനിരിക്കെ സരിതയെ പത്തനംതിട്ട ജയിലിലേക്ക് മാറ്റി. തന്റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് സരിത ഉദ്യോഗസ്ഥര്‍ കാണാതെ ഈ കത്ത് ജയിലിനുള്ളില്‍ എത്തിക്കുന്നത്. പത്തനംതിട്ട ജയിലില്‍വച്ച് കത്ത് കേരളകോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കാന്‍ ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപിന് നല്‍കുകയായിരുന്നു. സരിതയുടെ മുന്‍അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് ജയിലിന് പുറത്ത് കാത്തുനിന്ന പ്രദീപിന് കത്ത് കൈമാറിയത്. ബാലകൃഷ്ണപിള്ള കോടതിയില്‍ സമര്‍പ്പിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാല്‍, യു.ഡി.എഫ് നേതാക്കള്‍ പ്രതിപ്പട്ടികയിലുള്ള കത്ത് കോടതിയില്‍ സമര്‍പ്പിക്കാതിരിക്കാന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തുടര്‍ന്നു. സരിത ജാമ്യത്തില്‍നിന്നിറങ്ങിയ ഉടന്‍ കത്ത് വിവാദം പിന്നെയും പൊങ്ങിവന്നു.തിരുവനന്തപുരത്ത് കത്തിലെ നാലുപേജുകള്‍ ഹാജരാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രമുഖരുടെ പേരുകള്‍ സരിത പറയാതിരുന്നപ്പോള്‍ കാമറക്കണ്ണുകള്‍ അത് ഒപ്പിയെടുക്കുകയും പ്രമുഖരുടെ പേര് പുറത്തുവരികയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് മുന്‍പ് ഒരു വാര്‍ത്താചാനലാണ് കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഈ ചാനല്‍ അധികൃതരില്‍നിന്നാണ് പിന്നീട് സോളാര്‍കമ്മിഷന്‍ കത്ത് സമ്പാദിച്ചത്. സരിത ഡയറിക്കുറിപ്പുള്‍പ്പെടെ 47 പേജുകളാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയത്.
സോളാര്‍ ബിസിനസില്‍ തനിക്ക് സഹായം ചെയ്തുതരാമെന്ന് പറഞ്ഞ് തന്നെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്തവരെപ്പറ്റിയാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.സി വേണുഗോപാല്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഐ.ജി പത്മകുമാര്‍, ജോസ് കെ. മാണി, ജിക്കുമോന്‍ തുടങ്ങിയവരുടെ പേരുകളാണ് കത്തില്‍ പരാമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."