കെ.എ.എസിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ഒടുവില്‍ സര്‍വിസ് സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം ഉള്‍പ്പെടെ 29 വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കരട് സ്‌പെഷല്‍ റൂള്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. രണ്ടാം ഗസ്റ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും 10 ശതമാനം നീക്കിവച്ചുകൊണ്ടാണ് കെ.എ.എസ് രൂപീകരിക്കുന്നത്.സ്‌പെഷല്‍ റൂള്‍സ് പി.എസ്.സിയുടെ പരിഗണനയ്ക്ക് അയച്ചുകൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിവും അര്‍പ്പണബോധമുള്ളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാം നിര സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് വകുപ്പ് തല പരീക്ഷയിലൂടെ കെ.എ.എസിന്റെ മൂന്നിലൊന്ന് ഒഴിവുകളില്‍ നിയമനം നല്‍കും.
പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു സര്‍ക്കാര്‍ സര്‍വിസിലും പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്കും മൂന്നിലൊന്ന് ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മൂന്നിലൊന്ന് ഒഴിവുകളിലേയ്ക്ക് നേരിട്ടുള്ള നിയമനവും നടക്കും. നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാല ബിരുദവുമാണ്. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരില്‍നിന്നു നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി 40 വയസും, യോഗ്യത സര്‍വകലാശാല ബിരുദവുമാണ്. തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ ആദ്യത്തെ ഗസറ്റഡ് തസ്തികയിലുള്ളവരില്‍നിന്നും തുല്യമായ കോമണ്‍ കാറ്റഗറി തസ്തികയിലുള്ളവരില്‍നിന്നും മാറ്റം വഴിയുള്ള നിയമനത്തിന് പ്രായപരിധി 50 വയസ്സിനു താഴെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എ.എസിലേക്ക് പി.എസ്.സി വഴിയാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നരവര്‍ഷത്തെ പരിശീലനം നല്‍കും. 1992ലെ ഭരണ പരിഷ്‌കാര കമ്മിഷനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. സംസ്ഥാന സര്‍വിസിന്റെ മധ്യനിര ശക്തിപ്പെടുത്തുകയും ഫലപ്രദമായ മേല്‍നോട്ട സംവിധാനം ഉറപ്പാക്കുകയുമാണ് കെ.എ.എസ് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. ഐ.എ.എസിലേയ്ക്ക് സമര്‍ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും കെ.എ.എസ് സഹായിക്കുമെന്ന് വിലയിരുത്തുന്നു. കെ.എ.എസില്‍ എത്തുന്നവര്‍ക്ക് എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ യു.പി.എസ്.സി ചട്ട പ്രകാരം ഐ.എ.എസ് ലഭിക്കും. നിലവില്‍ ഐ.എ.എസിന്റെ സ്‌റ്റേറ്റ് സിവില്‍ സര്‍വിസ് ക്വാട്ട ഒഴിഞ്ഞു കിടക്കുകയാണ്. 2014ലാണ് അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കരട് തയാറാക്കി യു.ഡി.എഫ് സര്‍ക്കാരിനു നല്‍കിയത്.
അതേവര്‍ഷം ആദ്യ ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍, പിന്നീട് പല സര്‍വിസ് സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ചകളെല്ലാം അലസി. 2015 ജനുവരി 5ന് സെക്രട്ടേറിയറ്റ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറങ്ങി.
ഇതോടെ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് കണ്ട് എതിര്‍പ്പ് ശക്തമായി. പിന്നീട് പല ചര്‍ച്ചകളും നടത്തിയെങ്കിലും സമവായത്തിലെത്താത്തതിനെ തുര്‍ന്നാണ് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തത്. അതേസമയം, കെ.എ.എസ് സ്‌പെഷല്‍ റൂള്‍സ് അംഗീകരിച്ചതിനെതിരേ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് പ്രതിഷേധ സമരം നടത്തുമെന്ന് കണ്‍വീനര്‍ ജെ. ബെന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."