റോഹിംഗ്യകള്‍ രാജ്യത്തേക്കു തിരികെവരുന്നത് തടഞ്ഞ് മ്യാന്‍മര്‍
ജനീവ: ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അവിടെനിന്നു മ്യാന്‍മറിലേക്ക് മടങ്ങിവരുന്നതു മനപ്പൂര്‍വം തടയുന്നതായി ഐക്യരാഷ്ട്രസഭ.
ബംഗ്ലാദേശില്‍നിന്ന് മടങ്ങിവരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ സൈന്യം തടയുന്നുവെന്നാണ് യു.എന്‍ വ്യക്തമാക്കുന്നത്. നേരത്തേ രേഖകള്‍ സഹിതം മടങ്ങിവരുന്നവരെ സ്വീകരിക്കുമെന്നായിരുന്നു മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കിയുടെ അവകാശവാദം.
ക്രൂരമായ പീഡനങ്ങളിലൂടെ സൈന്യം മടങ്ങിവരവ് തടയുന്നതായാണ് യു.എന്‍ മനുഷ്യാവകാശ സംഘം പറയുന്നത്. റോഹിംഗ്യകള്‍ മടങ്ങിവരുന്നപക്ഷം അവരെ സ്വീകരിക്കണമെന്നു യു.എന്‍ മനുഷ്യാവകാശ സംഘത്തിന്റെ ഏഷ്യാ പസഫിക് ഓഫിസ് മേധാവി ജ്യോതി സങ്കേര മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കിയോട് ആവശ്യപ്പെട്ടു. സൂക്കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. റോഹിംഗ്യകള്‍ക്കെതിരായ അതിക്രമം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അവര്‍, തിരികെ വരുന്നവര്‍ക്ക് മ്യാന്‍മറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും നിര്‍ദേശിച്ചു.
റോഹിംഗ്യകള്‍ തിരിച്ചുവരുന്നതു തടയുന്നതിനായി രാഗെയ്‌നിലെ അവരുടെ വാസസ്ഥലങ്ങളും ഗ്രാമങ്ങളും സൈന്യം നശിപ്പിക്കുന്നതായും യു.എന്‍ ആരോപിച്ചിട്ടുണ്ട്. റോഹിംഗ്യകളെ സ്വന്തം രാജ്യത്തുനിന്ന് അകറ്റാനായി സൈന്യം നടപ്പാക്കുന്ന പദ്ധതിയാണ് അരങ്ങേറുന്നതെന്നും യു.എന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."