വിദേശ രാജ്യങ്ങളിലെ കുറഞ്ഞ പലിശ നിരക്കാണ് പ്രവാസികളുടെ വിജയ രഹസ്യം- വി.കെ സിങ്
മുംബൈ: വിദേശരാജ്യങ്ങളില്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനാലാണ് അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മികച്ച വിജയം കണ്ടെത്താന്‍ സാധിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് റിഫൈനാന്‍സ് ഏജന്‍സി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സംരംഭകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിദേശത്തുള്ള ഇന്ത്യക്കാര്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് കാരണം വളരെ ലളിതമാണ്. അവരുടെ ആശയങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക പിന്തുണ അവര്‍ക്ക് ലഭിക്കുന്നു. അവിടെ വായ്പകളുടെ പലിശനിരക്ക് വളരെ കുറവാണ്'- വി.കെ സിങ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന മുദ്ര പദ്ധതി യുവ സംരംഭകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈട് ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സങ്കീര്‍ണതകളില്ലാതെ മുദ്രയിലൂടെ വായ്പ ലഭ്യമാകും. സ്ത്രീ സംരംഭകരാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴില്‍ മേഖലകളും സാധ്യതകളും കണ്ടെത്താനും വിപുലമാക്കാനും ബാങ്കുകള്‍ കൂടുതല്‍ അവസരമൊരുക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് വലിയ പരിഹാരമുണ്ടാക്കാനും സാധിക്കും. കാര്‍ഷിക വായ്പകളുടെ അമിത ഭാരം മൂലം ആത്മഹത്യയുടെ വക്കിലെത്തിയവര്‍ക്ക് ആശ്വാസമാകാനും മുദ്രയ്ക്ക് കഴിയും. അത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് വായ്പയിലൂടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും സാധിക്കുമെന്നും വി.കെ സിങ് ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും രാജ്യത്തെ ബാങ്കുകളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഹാജ്യത്ത് തൊഴിലവസരങഅങള്‍ കുറവാണ്. എന്നാല്‍ പലിശ കുറഞ്ഞുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കികള്‍ തയ്യാറായാല്‍ രാജ്യത്ത് അവസരങഅങള്‍ വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."