സോളാര്‍ കേസ്: അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും
തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും. ലൈംഗിക പീഡനക്കേസിലും അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തിലും ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കു.
ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. മുന്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ള 33 കേസുകളില്‍, ഉമ്മന്‍ചാണ്ടിക്കും ഓഫിസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത.
ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമായിരിക്കും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക. ഉമ്മന്‍ചാണ്ടി, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ് എന്നിവര്‍ക്കെതിരേ തുടരന്വേഷണത്തിന് ബന്ധപ്പെട്ട കോടതികളില്‍ നിയമാനുസൃതം ഹരജി നല്‍കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്യും.
ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ എന്നിവരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി തന്നെ ആര്യാടനെതിരേയും സ്വീകരിക്കാമെന്നാണ് നിയമോപദേശം. ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.
ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും കമ്പനിയുടെ സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത എം.എല്‍.എമാരും അവരുടെ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ തുടങ്ങിയവരും ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പ്രവര്‍ത്തിച്ചതായി കമ്മിഷന്‍ കണ്ടെത്തി.
തമ്പാനൂര്‍ രവിക്കും ബെന്നിക്കുമെതിരേ പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വം ഇടപെട്ടതിനും ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ക്രിമിനല്‍ കേസെടുക്കാമെന്നാണ് നിയമോപദേശം. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനാണ് തീരുമാനം.
കഴിഞ്ഞ മാസം 26നാണ് സര്‍ക്കാരിനു കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം മൂന്നിന് റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും നിയമോപദേശം തേടി. നാലിനു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നിയമോപദേശവും ശുപാര്‍ശയും ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."