ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ്: വി.ടി ബല്‍റാം
തിരുവനന്തപുരം: സി.പി.എമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികളെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്നും ബല്‍റാം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ് നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച് അനുമാനിക്കാൻ കഴിയുന്നതല്ല.
ഏതായാലും കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണം.
'കോൺഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആർഎസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ് മുക്ത കേരളം" എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."