സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ തുടര്‍നടപടിക്ക് നീക്കം തുടങ്ങിയതോടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചേക്കും.
നിയമോപദേശം കണക്കിലെടുത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നീങ്ങാന്‍ റിപ്പോര്‍ട്ട് ലഭിച്ചേ മതിയാകൂ. നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വരെ കാത്തിരിക്കാനാവില്ല. ആദ്യം ആരോപണ വിധേയരാവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
ഉടന്‍തന്നെ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നുണ്ട്. നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനാണ് യോഗം ചേരുന്നത്.
അതേസമയം, സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയ്ക്ക് തിരിക്കും. എ.ഐ.സി.സി നേതാക്കളെയും അദ്ദേഹം കാണും. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ക്കെതിരെയുള്ള ആരോപണത്തെ ഗൗരവമായാണ് കോണ്‍ഗ്രസ് കാണുന്നത്.
അന്വേഷണം നേരിടാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കളിലധികവും എ ഗ്രൂപ്പുകാരാണ്. കെ.പി.സി.സി പ്രസിഡന്റ് പദവി എ ഗ്രൂപ്പിനു നല്‍കാന്‍ ധാരണയിലെത്തിയ സാഹചര്യത്തിലാണ് അന്വേഷണം വരുന്നത്. ധാരണയ്‌ക്കെതിരേ ഐ ഗ്രൂപ്പില്‍നിന്ന് ചിലരുടെയെങ്കിലും ശബ്ദം അടുത്ത ദിവസങ്ങളില്‍ ഉയരുമെന്നാണ് സൂചന. ഇത് പാര്‍ട്ടിയിലെ സമവായ നീക്കങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."