ദമ്മാമില്‍ പിടിച്ചുപറി രൂക്ഷം: സാമൂഹ്യ പ്രവര്‍ത്തകനടക്കം നിരവധി പേര് ഇരയായി
ദമ്മാം: കിഴക്കന്‍ സഊദിയിലെ പ്രധാന നഗരമായ ദമ്മാമില്‍ പിടിച്ചുപറി രൂക്ഷമായത് മലയാളികളടക്കമുള്ള വിദേശികളെ വലയ്ക്കുന്നു. ഏറ്റവും ഒടുവില്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകനടക്കം അക്രമികളുടെ കവര്‍ച്ചക്കിരയായി. കുറച്ചു മുന്‍പ് പൊലിസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ശമനമുണ്ടായിരുന്ന കവര്‍ച്ചയാണ് ഇപ്പോള്‍ വീണ്ടും ശക്തിയായത്. ഇന്ത്യക്കാരടക്കം നിരവധി പേര് കവര്ച്ചയ്ക്കിരയായതിനെ തുടര്‍ന്ന് പൊലിസ് ശക്തമായ ഇടപെടലാണ് നടത്തിയിരുന്നത്. രണ്ടാഴ്ച മുന്‍പ് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് അന്വേഷണം ശക്തമായി നടക്കുന്നതിടെയാണ് ബുധനാഴ്ച്ച വീണ്ടും ആക്രമണം അരങ്ങേറിയത്.
ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ പതിനഞ്ചോളം വിദേശികളാണ് അക്രമത്തിനിരയായത്. സഊദി ദമാം കെ.എം.സി.സി തൃശൂര്‍ ജില്ലാ ട്രഷറര്‍ ശെഫീര് അച്ചു പതിയാശേരിയും അക്രമത്തിനിരയായവരില്‍ പെടും. ഇവരെ ആക്രമിച്ചു ഇവരുടെ കാറില്‍ കയറിയ സംഘം രണ്ടായിരം റിയാലോളം കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. ജോലിക്കു പോകാനായി വാഹനം തുറന്ന ഉടനെ അക്രമികള്‍ വാഹനത്തില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തുകയായിരുന്നു. പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ നടന്ന ആക്രമണങ്ങളില്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒഴിഞ്ഞ സ്ഥലങ്ങളിലൂടെയോ നഗരങ്ങളിലെ തന്നെ ആളൊഴിഞ്ഞ സമയത്ത് നടക്കുമ്പോഴോ അക്രമികള്‍ വളയുകയാണ് പതിവ്. അതിനാല്‍ തന്നെ ഒറ്റയ്ക്കുള്ള യാത്രയും വിജനമായ സ്ഥലങ്ങളിലൂടെയുള്ള യാത്രയും ഒഴിവാക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."