യോഗിയുടെ പരിഷ്കരണം; യു.പിയിലെങ്ങും കാവിമയം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എന്തും കാവിമയമാക്കുന്ന നടപടിക്ക് വേഗത കൂട്ടി.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നുവോ അവരുടെ താല്പര്യത്തിനനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുതിയ നിറം പ്രാപിക്കുന്നത് ഇവിടെ സര്‍വ സാധാരണമാണ്. ഇപ്പോള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ എല്ലാം കാവിമയമാക്കാനാണ് തീവ്ര ശ്രമം.
സമാജ് വാദി സര്‍ക്കാരായിരുന്നപ്പോള്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് വെളുപ്പും ചുവപ്പുമായിരുന്നു നിറമെങ്കില്‍ ഇപ്പോള്‍ വെളുപ്പും കാവിയുമാണ് നിറം. മുഖ്യമന്ത്രിയുടെ കസേരയില്‍ വിരിക്കുന്ന ടൗവല്‍ കാവിവല്ക്കരിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പുതിയ നിറത്തിന് തുടക്കം കുറിച്ചത്. ഇത് കൂടാതെ ഔദ്യോഗിക വസതി, കാറിന്റെ സീറ്റ് എന്നിവയും കാവി നിറത്തിലേക്ക് മാറിയിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബുക്ക് ലെറ്റുകള്‍ മുതല്‍ കുട്ടികളുടെ സ്കൂള്‍ ബാഗുകള്‍ വരെ കാവി നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ നിരത്തിലിറക്കിയ 50 ബസുകള്‍ കാവി നിറത്തിലുള്ളവയാണ്. സങ്കല്പ സേവ എന്നാണ് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ക്ക് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന സ്പോര്‍ട്സ് അവാര്‍ഡ് നല്കിയപ്പോള് കായിക താരങ്ങള്‍ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റും കാവി നിറത്തിലുള്ളതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."