സോളാറും പുനഃസംഘടനയും മുഖ്യചര്‍ച്ച കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു
ന്യൂഡല്‍ഹി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ തര്‍ക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍, വി.ഡി സതീശന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.
സംഘടനാ പ്രശ്‌നം ചര്‍ച്ചചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും സോളാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യവും ചര്‍ച്ചയില്‍ വിഷയമാകും. ഇന്ന് ഉച്ചയ്ക്കാണ് കൂടിക്കാഴ്ച. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.
കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ പ്രധാനനേതാക്കള്‍ക്കെതിരേ ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്നത് വളരെ ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്.
കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നാണ് കെ.പി.സി.സി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലൊക്കെയും സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും കേരളത്തില്‍ മാത്രം എങ്ങുമെത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കീഴ്ഘടകങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് തുടങ്ങുന്നതെങ്കില്‍ അടുത്തിടെ പുനഃസംഘടന നടന്ന സാഹചര്യത്തില്‍ മുകള്‍തട്ടില്‍ നിന്ന് കീഴ്ഘടകത്തിലേക്കെന്ന ഫോര്‍മുലയാണ് കേരള ഘടകം അവലംബിച്ചത്. ഇതിനായി കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നത്.
ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് രൂപപ്പെടുത്തിയ പട്ടികയോട് എം.പിമാര്‍ വിയോജിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അംഗീകാരം നല്‍കാനുമായില്ല.
എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പലതവണ ശ്രമിച്ചിട്ടും സമവായത്തിലെത്തിയില്ല. ഇതോടെയാണ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടത്. പട്ടിക പുറത്തായതോടെ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് ഇന്നത്തെ ചര്‍ച്ചയെന്നതും ശ്രദ്ധേയം. 282 പേരടങ്ങുന്ന ജംബോ പട്ടികയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നു പരാതി ഉയരുകയുംചെയ്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മുന്‍പു തന്നെ ഡല്‍ഹിയിലെത്തിയ ചെന്നിത്തല ഉച്ചയോടെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പ്രചാരണരംഗത്തുള്ള രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
ഇന്നത്തെ ചര്‍ച്ചയ്ക്കു മുന്നോടിയായി ചെന്നിത്തല പ്രത്യേക കൂടിക്കാഴ്ചയ്ക്ക് രാഹുലിനോട് അനുവാദം ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."