വേതന സുരക്ഷാ പദ്ധതി: പന്ത്രണ്ടാംഘട്ടം അടുത്തമാസം മുതല്‍
റിയാദ്: സഊദിയില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കരാര്‍പ്രകാരമുള്ള വേതനം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാംഘട്ടം അടുത്തമാസം മുതല്‍ നിലവില്‍വരും. 40 മുതല്‍ 59 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വക്താവ് ഖാലിദ് അബാഖൈല്‍ അറിയിച്ചു. 14,288 സ്ഥാപനങ്ങളിലായി 6,87,607 തൊഴിലാളികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.
തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്ത് ശമ്പളം നല്‍കിയിട്ടുണ്ടോയെന്നും ഉറപ്പുവരുത്തും. ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കും. ഒരു തൊഴിലാളിക്ക് 3000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക. പദ്ധതി നടപ്പായി രണ്ടുമാസം പിന്നിടുന്നതോടെ മന്ത്രാലയത്തെ കമ്പനികള്‍ വിവരങ്ങള്‍ അറിയിക്കണം.
എതിര്‍നിലപാടുകള്‍കണ്ടാല്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഭാഗികമായി തടയും. മൂന്നുമാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാതിരുന്നാല്‍ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തലാക്കും. തൊഴില്‍ കാര്‍ഡ് കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ തൊഴിലുടമയുടെ സമ്മതംകൂടാതെ തൊഴിലാളിക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാം.
സഊദി വിഷന്‍ 2030ന്റെ ഭാഗമായുള്ള ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് വേതന സുരക്ഷാ നിയമം കൊണ്ടുവന്നത്. 16 ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
11 മുതല്‍ 14 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് അവസാനഘട്ടത്തില്‍ വരുക. അടുത്തവര്‍ഷം നവംബറില്‍ അവസാനഘട്ടം നിലവില്‍വരും. 11ല്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പദ്ധതി പിന്നീട് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."