താലിബാന് തടവിലാക്കിയ അഞ്ചംഗ കുടുംബത്തെ മോചിപ്പിച്ചു
കാബൂള്‍: 2012ല്‍ താലിബാന് തട്ടിക്കൊണ്ടുപോയ അഞ്ചംഗ വടക്കന്‍ അമേരിക്കന്‍ കുടുംബത്തെ പാകിസ്താന് സൈന്യം മോചിപ്പിച്ചു. കനേഡിയന്‍ പൗരനായ ജോഷ്വ ബോയില്‍, അമേരിക്കക്കാരിയായ ഭാര്യ കൈറ്റ്ലാന് കോള്മാന്, ഇവരുടെ മൂന്നുമക്കള്‍ എന്നിവരെയാണ് മോചിപ്പിച്ചത്. അമേരിക്കന്‍ സഹായത്തോടെ അഫ്ഗാന് അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് പാകിസ്താന് സൈന്യം അറിയിച്ചു.
യു.എസ്, പാകിസ്താന് ബന്ധത്തിന്റെ മികച്ച ഏടാണിതെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. കോള്‍ തന്റെ മൂന്നുമക്കള്‍ക്കും ജന്മംനല്കിയത് താലിബാന്റെ തടങ്കലില്‍ നിന്നാണ്. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പാകിസ്താന് സഹകരിക്കുന്നതിനാല്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനില്‍ വച്ച് തട്ടിക്കൊണ്ടുപോയ കുടുംബത്തെ യു.എസ് രഹസ്യാന്വേഷണ ബ്യൂറോ പിന്തുടര്ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും അഫ്ഗാന് അതിര്‍ത്തിയില്‍നിന്ന് പാകിസ്താനിലെ കുറം ഗോത്ര ജില്ലയിലേക്ക് ഇവര്‍ കടന്നുവെന്ന വിവരം ഓഗസ്റ്റ് 11നാണ് ലഭിച്ചതെന്നും പാകിസ്താന് സൈന്യം പറഞ്ഞു.
തടവിലാക്കിയ കുടുംബത്തിന്റെ വിഡിയോ താലിബാന് നേരത്തേ പുറത്തുവിട്ടിരുന്നു. ഇവരെ മോചിപ്പിക്കാനായി അഫ്ഗാന് ജയിലിലുള്ള മൂന്ന് താലിബാന്‍കാരെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഇവരുടെ വിഡിയോ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."