അനസ്തേഷ്യ നല്കിയ യുവാവ് മരിച്ചു
ഫറോക്ക്: സ്വകാര്യ ആശുപത്രയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച യുവാവ് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് മരിച്ചു. ഒളവണ്ണ തൊണ്ടിലക്കടവ് പരേതനായ തറയില്‍ വേലായുധന്റെ മകന് ഗിരീഷ് (30) ആണ് മരിച്ചത്.
ഇലക്ട്രീഷ്യനായ യുവാവിന്റെ ചുമലിലെ മുഴ നീക്കം ചെയ്യുന്നതിനായി ബുധനാഴ്ച വൈകിട്ട് അഞ്ചോടെ രാമനാട്ടുകരയിലെ കെയര്‍വെല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അനസ്തേഷ്യക്കായി മരുന്ന് കുത്തിവച്ച് ഏറെ വൈകാതെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആരോഗ്യസ്ഥിതി വഷളായപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇവിടെ എത്തുന്നതിന് അഞ്ചു മിനുറ്റ് മുന്‍പാണ് മരണം സംഭവിച്ചതെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
നേരത്തെ ശസ്ത്രക്രിയക്കു പ്രവേശിപ്പിച്ച രാമനാട്ടുകരയിലെ ആശുപത്രിയിലെ ചികിത്സയിലുണ്ടായ പിഴവാണ് മരണകാരണമെന്നു കാണിച്ചു ഗിരീഷിന്റെ ഭാര്യാപിതാവ് ഫറോക്ക് പൊലിസില്‍ പരാതി നല്കി. ഇതേ തുടര്‍ന്നു ബന്ധുക്കളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ആശുപത്രിയില്‍ യുവാവിനു നല്കിയ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും അപൂര്‍വമായി ചില രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയാലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളാണുണ്ടായതെന്നും കെയര്‍വെല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. ലീലയാണ് ഗിരീഷിന്റെ മാതാവ്. ഭാര്യ ശ്രുതി, സഹോദരി റീജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."