മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ അസോസിയേഷന്‍ സമരം തീര്‍ന്നില്ല; ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ ദുരിതത്തില്‍
മുക്കം: പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കിനെതിരേ കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ അസോസിയേഷന്‍ ഒന്നര മാസത്തോളമായി നടത്തി വരുന്ന സമരം ശക്തി പ്രാപിച്ചതോടെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ ദുരിതത്തില്‍. ബി.എസ്.എന്‍.എല്‍ അധികൃതരും വിതരണക്കാരും മൊബൈല്‍ ഫോണ്‍ വ്യാപാരികളെ ചൂഷണം ചെയ്ത് കൊള്ളലാഭം നടത്തുകയാണെന്നും കമ്മിഷന്‍ തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. നിലവില്‍ 3.5 ശതമാനം നിരക്കില്‍ ബി.എസ്.എന്‍.എല്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ ഇത്രയൊന്നും തുക ലഭിക്കുന്നില്ലെന്നും മറ്റു സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നാല് ശതമാനം നല്‍കുമ്പോള്‍ ബി.എസ്.എന്‍.എല്‍ അതിന്റെ പകുതി മാത്രമാണ് കമ്മിഷന്‍ നല്‍കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
ഇത്തരത്തില്‍ കമ്മീഷന്‍ കുറച്ച് നല്‍കി വ്യാപാരികളെ റീചാര്‍ജ് കാര്‍ഡ് വില്‍പ്പനയില്‍ നിരുത്സാഹപ്പെടുത്തി സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് അധികൃതരുടെ ശ്രമമെന്ന് മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാരികള്‍ ബി.എസ്.എന്‍.എല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് വെട്ടിലായത്. സ്ഥിരമായി ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ പോലും കഴിയാതായതോടെ പലരും ബി.എസ്.എന്‍.എല്ലിനെ കൈയൊഴിയുകയാണ്.
പലരും മറ്റു സ്വകാര്യ കമ്പനികളിലേക്ക് സ്വന്തം നമ്പര്‍ പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ജില്ലയില്‍ ഏകദേശം ഏഴ് ലക്ഷം ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളാണുള്ളത്. ഇവര്‍ ടോക്ക് ടൈം, ഇന്റര്‍നെറ്റ് എന്നിവ റീചാര്‍ജ് ചെയ്യുന്നതിനും പ്ലാന്‍ എക്സ്റ്റന്റ് ചെയ്യുന്നതിനുമായി ടെലഫോണ്‍ എക്‌ചേഞ്ചുകളെ ആശ്രയിക്കുകയാണിപ്പോള്‍. എന്നാല്‍ റീചാര്‍ജ് കൂപ്പണുകള്‍ ലഭിക്കാത്തതിനാല്‍ ഈസി റീചാര്‍ജിനായി ഏറെ നേരം വരിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അത് കൊണ്ട് പലര്‍ക്കും റീചാര്‍ജ് ചെയ്യാനുമാവുന്നില്ല. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കാത്തതും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. സമരം ഇനിയും തുടര്‍ന്നാല്‍ അത് നിരവധി ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റ് കമ്പനികളിലേക്ക് മാറുന്നതിന് കാരണമാവും. മറ്റു നമ്പറുകളിലേക്ക് മാറുന്നതിനായി ഒട്ടുമിക്ക കടകളിലും സൗകര്യവും ചെയ്ത് കൊടുക്കുന്നുണ്ട്. ഇക്കാര്യം കാണിച്ച് പല കടകളിലും നോട്ടിസും പതിച്ചിട്ടുണ്ട്. അതേസമയം പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കാനല്ല മറിച്ച് സഹായിക്കുന്നതിനായാണ് തങ്ങളുടെ സമരമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."