ഇ-ടോയ്‌ലറ്റ് നോക്കുകുത്തിയായി: പാഴായത് ലക്ഷങ്ങള്‍
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. യാതൊരു പ്ലാനിങ്ങുമില്ലാതെ നിര്‍മിച്ച ടോയ്‌ലറ്റ് ഏതാനും നാളുകള്‍ കഴിയുമ്പോഴേക്കും തകരാറിലായി തുടങ്ങിയിരുന്നു.
എട്ടു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. പഞ്ചായത്തിന്റെയും ഓട്ടോ സ്റ്റാന്‍ഡിന്റെയും മധ്യത്തിലാണ് വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി രണ്ട് ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.
കെല്‍ട്രോണ്‍ കമ്പനി നിര്‍മിച്ച ടോയ്‌ലറ്റിന്റെ തകരാറുകള്‍ പലതവണ തീര്‍ത്തെങ്കിലും ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ കുറച്ചു കാലം മാത്രമെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പലപ്പോഴും പല കാരണങ്ങളാല്‍ യന്ത്രം പണി മുടക്കിയ അവസ്ഥയിലായിരുന്നു. മുടക്കിയ ലക്ഷങ്ങളുടെ അര ശതമാനംപോലും ഇതേവരെ ഇ-ടോയ്‌ലറ്റില്‍ നിന്ന് ലഭിച്ചിട്ടില്ല. അധിക സമയവും പ്രവര്‍ത്തിക്കാത്തതിനാല്‍ പൊതുജനങ്ങള്‍ ഇ-ടോയ്‌ലറ്റ് ശ്രദ്ധിക്കാറില്ല. സ്റ്റാന്‍ഡിന്റെ മധ്യത്തിലായതിനാല്‍ സ്ത്രീകള്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും വിരളമാണ്.
പഴയ ടോയ്‌ലറ്റും ശോച്യാവസ്ഥയിലായതിനാല്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്നു. പഴയ ടോയ്‌ലറ്റാണെങ്കില്‍ ഏഴു മണിയോടെ അടയ്ക്കുന്നു.
പിന്നെ യാത്രക്കാര്‍ ഇടവഴികളെയാണ് ആശ്രയിക്കുന്നത്. നൂറു കണക്കിന് സ്ത്രീകളാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലും ടെയ്‌ലറ്റ് സംവിധനമില്ലാത്തതിനാല്‍ സ്ത്രീകള്‍ തൊട്ടടുത്ത പഞ്ചായത്ത് റസ്റ്റ് ഹൗസിനെയോ അടുത്ത വീടുകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക മുടക്കിയാണ് ടോയ്‌ലറ്റ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."