ശബരിമലയിലെ സ്ത്രീപ്രവേശനം: ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു
ന്യൂഡല്‍ഹി: ശബരിമലയിലേക്ക് ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസ് സുപ്രിം കോടതി ഭരണാ ഘടനാ ബെഞ്ചിന്റെ പരിഗണനയക്ക് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനമെടുത്തത്.
അഞ്ച് കാര്യങ്ങളായിരിക്കും ബെഞ്ച് പരിഗണിക്കുക. സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം ലിംഗ വിവേചനം ആണോ എന്ന് പരിശോധിക്കും. ക്ഷേത്ര പ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുത ബെഞ്ച് പരിശോധിക്കും.
ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഹരജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി ഹരജി പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് ഇടത് സര്‍ക്കാറിന്റേത്.
സുപ്രിം കോടി നിയോഗിച്ച അമിക്കസ് ക്യൂറിമാരില്‍ ഒരാളായ രാജു രാമചന്ദ്രന്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണെടുത്തിരുന്നത്. എന്നാല്‍ മറ്റൊരു അമിക്കസ് ക്യൂറിയായ രാമമൂര്‍ത്തി നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടിലാണ്.
സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡിനൊപ്പം എന്‍.എസ്.എസ്, കേരള ക്ഷേത്രസംരക്ഷണ സമിതി, അയ്യപ്പസേവാ സമാജ്, രാജീവ് ചന്ദ്രശേഖര്‍ എം.പി, രാഹുല്‍ ഈശ്വര്‍, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം, റഡി ടു വെയിറ്റ് എന്നിവരും കക്ഷി ചേര്‍ന്നിട്ടുണ്ട്.
അഖിലേന്ത്യ ജനാധിപത്യ അസോസിയേഷന്റെ ആന്ധ്രപ്രദേശ് ഘടകവും ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയും സ്ത്രീ പ്രവേശനത്തിന് അനുകൂലമായി കക്ഷി ചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."