പി.ടി ചാക്കോയെ അവഹേളിച്ചവര്‍ അപമാനഭാരം കൊണ്ട് മാളത്തിലൊളിക്കുന്നു: പി.സി ജോര്‍ജ്
കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്. പി.ടി ചാക്കോയെന്ന കോണ്‍ഗ്രസ് നേതാവിനെ അവഹേളിച്ചവര്‍ സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് മുന്നില്‍ അപമാന ഭാരത്താല്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് വിമര്‍ശിച്ചു.
പി.ടി ചാക്കോയെ തേജോവധം ചെയ്തവര്‍ക്ക് കാലം കാത്തുവച്ച നീതിയാണ് സരിതയുടെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെക്കാള്‍ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു;അവഹേളിച്ചു.
'പീച്ചി സംഭവമെന്ന്' പേരിട്ട് നാണംകെടുത്തി നാടിനും കര്‍ഷകര്‍ക്കും വേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം!! വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."