സഊദിയിലെ തബൂക്കില്‍ ശിലായുഗത്തിലെ പുരാവസ്തുക്കള്‍ കണ്ടെത്തി
റിയാദ്: സഊദിയിലെ തബൂക്കില്‍ നടത്തിയ ഗവേഷണത്തില്‍ അതിപുരാതന കാലത്തെ വസ്തുക്കള്‍ കണ്ടെത്തി. സഊദി ടൂറിസം കമ്മീഷന് ആന്‍ഡ് നാഷണല്‍ ഹെറിറ്റേജിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ശിലായുഗം മുതല്‍ ഇസ്ലാമിക കാലഘട്ടം വരെയുള്ള വിവിധ യുഗത്തിലെ അതി പുരാതന വസ്തുക്കള്‍ കണ്ടെത്തിയത്. ഫ്രാന്‍സ്, ജപ്പാന്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ചരിത്രകാരന്മാരുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചരിത്ര വസ്തുക്കളാണ് കണ്ടെത്തിയത്.
തബൂക്കിനു വടക്കു കിഴക്കു നടത്തിയ ഖനനത്തില്‍ പുരാവസ്തുക്കള്‍, ശിലാലിഖിതങ്ങള്‍, ശിലായുഗത്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ശിലാ ചിത്രങ്ങള്‍, പുരാതന വസ്തുക്കള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. പൗരാണിക കാലം മുതല്ക്കേ തന്നെയുള്ള കച്ചവട സംഘങ്ങളുടെ അന്താരാഷ്ട്ര പാത കൂടിയാണ് ജോര്‍ദാന്‍ അതിര്‍ത്തി കൂടിയായ ഈ മേഖലയെന്നാണ് ഗവേഷകരുടെ നിഗമനം. തബൂക്ക്, ജോര്‍ദ്ദാന്‍ അതിര്‍ത്തി കൂടാതെ തബൂക്കിനും അല്‍ ജൗഫിനും ഇടയിലുള്ള പ്രദേശത്തെ മണ്ണിനടിയില്‍ കിലോമീറ്റര്‍ കണക്കിന് ദൂരത്തില്‍ പൗരാണിക നഗരം തന്നെ ഉണ്ടാകുമെന്നാണ് ഗവേഷ സംഘത്തിന്റെ വിലയിരുത്തല്‍.
ഇത്തരത്തില്‍ മുന്നൂറോളം കേന്ദ്രങ്ങള്‍ ഇപ്പോള്‍ തന്നെ ജപ്പാന് സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ഗവേഷക സംഘത്തിന്റെ ശ്രമം തുടരുകയാണ്. പോളണ്ട് സംഘം കണ്ടെത്തിയ പുരാവസ്തുക്കള്‍ ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്ക് മുന്പുള്ളതാണ്. ചില പുരാവസ്തുക്കളില്‍ നടത്തിയ പരിശോധനയില്‍ ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇവിടെ ജന നിബിഡമാണെന്നതിനുള്ള തെളിവുകളുണ്ടെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബി.സി 9000 മുതല്‍ ബി.സി 7000 വരെയുള്ള കാലഘട്ടങ്ങളിലെ കൊത്തുപണികളാണ് കല്ലുകളില്‍ കണ്ടെത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."