'ലോകത്തിനു മാതൃകയായ ബഹുസ്വരതയും വൈവിധ്യവുമാണ് ബഹ്‌റൈന്റെ മുഖമുദ്ര'
മനാമ: ലോകത്തിനു മാതൃകയായ ബഹുസ്വരതയും വൈവിധ്യവുമാണ് ബഹ്‌റൈന്റെ മുഖമുദ്രയെന്നും ഈ സന്ദേശം ലോകത്തിനു മുന്നില്‍ എത്തിക്കണമെന്നുമുള്ള ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ സന്ദേശത്തിന് വന്‍ പ്രചരണം. കഴിഞ്ഞ ദിവസം 'വാഷിങ്ടണ്‍ ടൈംസ്' ആണ് രാജാവിന്റെ സൗഹാര്‍ദ്ദ സന്ദേശമുള്‍ക്കൊള്ളിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനം പ്രസിദ്ധീകരിച്ചയുടന്‍ പ്രാദേശിക-ദേശീയ മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു.
പുതിയ സാഹചര്യത്തില്‍ ബഹ്‌റൈനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ നീക്കത്തിന് ശക്തമായ മറുപടി ഉള്‍ക്കൊള്ളുന്നതു കൂടിയാണ് ബഹ്‌റൈന്‍ രാജാവിന്റെ ലേഖനം. പരസ്പര ബഹുമാനം, സ്‌നേഹം എന്നീ മൂല്യങ്ങള്‍ മുറുകെ പിടിച്ച് സമാധാനപരമായാണ് ബഹ്‌റൈനിലെ ജനങ്ങള്‍ കഴിയുന്നത്. ഈ സന്ദേശം ലോകത്തിന് മുന്നില്‍ എത്തിക്കേണ്ടതുണ്ട്. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും തോളോടു തോളുരുമ്മി കഴിയുന്ന മഹത്തായ പാരന്പര്യവും പൈതൃകവുമാണ് ബഹ്‌റൈനിലുള്ളത്. ഇവിടെ പള്ളികളോട് തൊട്ടുരുമ്മി സിനഗോഗുകളും ക്രിസ്ത്യന്‍ചര്‍ച്ചുകളും ക്ഷേത്രങ്ങളും നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന പാരമ്പര്യം പൂര്‍വികര്‍ തുടങ്ങിവച്ചതാണ്. അതുകൊണ്ട് ഇതര സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് ബഹ്‌റൈനികള്‍ അജ്ഞരല്ല.
അറബ് ലോകത്ത് മതസൗഹാര്‍ദത്തിന്റെ ഒരു വിളക്കുമാടമാണ് ബഹ്‌റൈന്‍. മതം വെറുപ്പിന്റെയും അക്രമത്തിന്റെയും പാതയുടെ ന്യായീകരണത്തിനായി ഉപയോഗിക്കപ്പെടുന്ന വേളയിലാണ് സൗഹാര്‍ദ്ദ സന്ദേശവുമായി ബഹ്‌റൈന്‍ മുന്നോട്ട് നീങ്ങുന്നത്. മത വൈവിധ്യം ബഹ്‌റൈന്‍ ജനത ഒരു അനുഗ്രഹമായി കാണുന്നു. കാത്തലിക്, ഓര്‍ത്തഡോക്‌സ്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സമൂഹങ്ങളെയും ഹിന്ദു, സിഖ് വിശ്വാസികളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണിത്. ബഹ്‌റൈനിലെ ഹിന്ദു ക്ഷേത്രത്തിന് 200 വര്‍ഷം പഴക്കമുണ്ട്. ചെറുതെങ്കിലും സജീവമായ ഒരു ജൂത സമൂഹവും ബഹ്‌റൈനിലുണ്ട്. അറേബ്യന്‍ പെനിന്‍സുലയില്‍ ജൂത വിശ്വാസികള്‍ക്ക് സ്വന്തം സിനഗോഗുള്ള രാജ്യമാണ് ബഹ്‌റൈന്‍. 2008ല്‍ വാഷിങ്ടണിലെ ബഹ്‌റൈന്‍ അംബാസഡര്‍ ജൂത സമൂഹത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു. അറബ് രാജ്യങ്ങളില്‍ നിന്ന് ആദ്യമായാണ് ഒരു ജൂത സമൂഹാംഗം യു.എസിന്റെ നയതന്ത്ര പ്രതിനിധിയാകുന്നത്.
രാജ്യത്തെ സുന്നി, ശിയ പണ്ഡിതരും ക്രിസ്ത്യന്‍, ജൂത പുരോഹിതരും ഒരുമിച്ച്കൂടി ചര്‍ച്ച ചെയ്താണ് ബഹ്‌റൈന്‍ വിളംബരം തയ്യാറാക്കിയത്.
മത സൗഹാര്‍ദവും സമാധാനപരമായ സഹവര്‍ത്തിത്വവും ലോകമെമ്പാടും പുലരണമെന്ന സന്ദേശമാണ് ഇതിലൂടെ ബഹ്‌റൈന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
രാജ്യത്തെ മാതൃകാപരമായ ഇത്തരം സൗഹാര്‍ദ പാഠങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കണം. ഇപ്രകാരം വൈജാത്യങ്ങളെ അംഗീകരിക്കുന്നതോടെ ലോകം കൂടുതല്‍ സുരക്ഷിതവും സമ്പന്നവുമാകും. മതസ്വാതന്ത്ര്യം ഒരു പ്രശ്‌നം എന്ന നിലയിലല്ല, മറിച്ച് ലോകത്തിെന്റ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം എന്ന നിലയില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇപ്രകാരമാണ് രാജാവിന്റെ ലേഖനം തുടരുന്നത്.
പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വളരെ പ്രാധാന്യത്തോടെയാണ് രാജാവിന്റെ സന്ദേശം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."