രാഷ്ട്രീയ ആയുധമാകുന്ന സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഏറെക്കാലം രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച സോളാര്‍ തട്ടിപ്പു കേസിനു ചുറ്റും വീണ്ടും ചുറ്റിക്കറങ്ങുകയാണിപ്പോള്‍ രാഷ്ട്രീയ കേരളം. സോളാര്‍ കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണ് സോളാര്‍ വിവാദം വീണ്ടും കത്തിപ്പടരുന്നത്. കോണ്‍ഗ്രസിലെ ഒന്നാം നിരക്കാരടക്കമുള്ള നേതാക്കള്‍ ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസില്‍ കുരുങ്ങുന്ന സാഹചര്യം യു.ഡി.എഫിനെ വലിയതോതില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കേസ് മുന്നോട്ടുപോകുന്നതോടെ ഇനിയും വന്നേക്കും ഇതുമായി ബന്ധപ്പെട്ട വലിയ വാര്‍ത്തകള്‍. അതുകൊണ്ടു തന്നെ ഇനിയും കുറച്ചുകാലം കേരള രാഷ്ട്രീയത്തിന്റെ ചാലകശക്തികളായി സോളാര്‍ കേസും സരിത എസ്. നായരുമൊക്കെ തുടര്‍ന്നേക്കാനിടയുണ്ട്.
പൊതുഖജനാവിനു നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് ചില കോണുകളില്‍ നിന്ന് ഉയരുന്ന വാദം വകവച്ചു കൊടുക്കാമെങ്കിലും സോളാര്‍ കേസിനാധാരമായ കാര്യങ്ങളില്‍ വലിയ തോതില്‍ തട്ടിപ്പും അഴിമതിയും ഒരുകൂട്ടം അധാര്‍മികതകളും നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവരാന്‍ കാത്തിരിക്കുകയാണ് കേരള ജനത. അനേകം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ വിസ്മൃതിയിലേക്കു തള്ളിനീക്കപ്പെട്ട ഒരു നാട്ടില്‍ പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ടിലെങ്കിലും നടപടിയുണ്ടാകുമ്പോള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നത് അതുകൊണ്ടു തന്നെയാണ്.
എന്നാല്‍, റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച രീതിയും അതു പ്രഖ്യാപിക്കാന്‍ തെരഞ്ഞടുത്ത സമയവും റിപ്പോര്‍ട്ടിനെ ചൂഴ്ന്നുനില്‍ക്കുന്ന ചില ദുരൂഹതകളും സംബന്ധിച്ച് പൊതുസമൂഹത്തില്‍നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ അവഗണിക്കാനാവില്ല. കഴിഞ്ഞ മാസം 26നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരമരഹസ്യമായി സൂക്ഷിക്കുകയായിരുന്നു കഴിഞ്ഞ ബുധനാഴ്ച വരെ. കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ അതിലെ കണ്ടെത്തലുകളുടെ സംഗ്രഹമോ പ്രധാന കണ്ടെത്തലോ പുറത്തുവിടുന്ന പതിവുണ്ട്, നിയമപരമായി നിര്‍ബന്ധമുള്ള കാര്യമല്ല അതെങ്കിലും. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അതുണ്ടായില്ല. വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് അത് പുറത്തുവിടുന്നത്. നിയമോപദേശം കാത്തിരുന്നു എന്നൊക്കെ സാങ്കേതിക ന്യായം പറയാമെങ്കിലും റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന വിമര്‍ശനം ഉന്നയിക്കുന്നവരെ കുറ്റം പറയാനാവില്ല.
മുഖ്യമന്ത്രി പുറത്തുവിട്ടിടത്തോളം കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഏറെക്കാലം മുമ്പ് സരിത ചാനല്‍ കാമറകള്‍ക്കു മുന്നിലും വിവാദ കത്തിലുമൊക്കെ പറഞ്ഞ കാര്യങ്ങളെയാണ് കമ്മിഷന്‍ പ്രധാനമായി ആശ്രയിച്ചതെന്നു കരുതേണ്ടി വരുന്നു. നിയമത്തിന്റെ സാങ്കേതികതയില്‍ ഇരയുടെ പരിവേഷമുണ്ടെങ്കിലും ഒരു വന്‍ തട്ടിപ്പിലെ പ്രതിയുടെ മൊഴിയെ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷണത്തില്‍ എത്രമാത്രം ആശ്രയിക്കാനാവുമെന്ന ചോദ്യവും ഉയര്‍ന്നു നില്‍ക്കുന്നു. മാത്രമല്ല, സരിത പണ്ട് ആരോപണമുന്നയിച്ച അന്നത്തെ യു.ഡി.എഫിലെ പ്രമുഖരിലൊരാള്‍ ഇപ്പോള്‍ ഇടതുചേരിയിലാണെന്നതും മുഖ്യമന്ത്രി പുറത്തുപറഞ്ഞ വിവരങ്ങളില്‍ അദ്ദേഹത്തിനെതിരായി ഒന്നുമില്ലെന്നതും ഇതുമായി ചേര്‍ത്തുവായിക്കണം.
ഈ ദുരൂഹതകളെല്ലാം നീങ്ങണമെങ്കില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. കുറ്റം ചെയ്തവരുണ്ടെങ്കില്‍ നിയമനടപടികളെ നേരിടുകയും ശിക്ഷിക്കപ്പെടുകയും വേണം. അതിന് കേസന്വേഷണം സത്യസന്ധമായി മുന്നോട്ടുപോകണം. അതല്ലാതെ രാഷ്ട്രീയ എതിരാളികളെ വീഴ്ത്താനുള്ള കുരുക്കായി റിപ്പോര്‍ട്ട് ഉപയോഗിക്കപ്പെടുത്തുകയോ അവിശുദ്ധ രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുകയോ ചെയ്യുന്ന സ്ഥിതിയുണ്ടാവരുത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."