കോടികള്‍ വിലവരുന്ന മാന്‍കൊമ്പുകളും ആമകളുമായി നാല്‍വര്‍ സംഘം അറസ്റ്റില്‍
കാസര്‍കോട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന മൂന്ന് മാന്‍ കൊമ്പുകളും 11 ആമകളുമായി നാല്‍വര്‍ സംഘം അറസ്റ്റില്‍. കാസര്‍കോട് മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ബന്തടുക്ക മാണിമൂലയില്‍ താമസക്കാരനുമായ വി.ഇമാം അലി (49), മായിപ്പാടിയിലെ കരീം (40), മൊഗ്രാല്‍ കൊപ്ര ബസാറിലെ ബി.എം.ഖാസിം (55) എന്നിവരെയാണ് ഡി.എഫ്.ഒ രാജീവന്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍.അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇന്നലെ ഉച്ചയോടെ കുമ്പള പേരാലില്‍ വച്ചാണ് രണ്ട് ആള്‍ട്ടോ കാറുകളിലായി കലമാന്‍ കൊമ്പുകളും ആമകളുമായി പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു സംഘത്തിന് കൈമാറുന്നതിന് വേണ്ടി മാന്‍ കൊമ്പുകളും ആമകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു.
രണ്ട് മാസം മുന്‍പ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഘത്തിന് വേണ്ടി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
കാറുകള്‍ക്ക് എസ്‌കോര്‍ട്ടായി പോവുകയായിരുന്ന ബൈക്കിലുണ്ടായിരുന്ന സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തി വരികയാണെന്ന് കാസര്‍കോട് റേഞ്ച് ഓഫിസര്‍ വി. അനില്‍ കുമാര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പൂജ ആവശ്യത്തിനും മറ്റും മാന്‍കൊമ്പും, ആമകളും ഉപയോഗിക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവ വിദേശത്തേക്ക് കടത്തിയാല്‍ കോടികളാണ് വില ലഭിക്കുക. ഷെഡ്യൂള്‍ (ഒന്ന്) ഇനത്തില്‍പെട്ട നാല് വെള്ള ആമകളും, ഷെഡ്യൂള്‍ നാല് ഇനത്തില്‍പെട്ട ഏഴ് കറുത്ത ആമകളുമാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്.
കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വി.ആര്‍ ഷാജീവ്, ഓഫിസര്‍മാരായ ചന്ദ്രന്‍ നായര്‍, വി.വി രാജഗോപാലന്‍, എം.കെ നാരായണന്‍, ബീറ്റ് ഓഫിസര്‍മാരായ കെ. ധനഞ്ജയന്‍, കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഓഫിസര്‍ ഹരി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷൗക്കത്ത്, ജോഷി ജോസഫ്, ധനേഷ്, ഡ്രൈവര്‍മാരായ രമേശന്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ വിദഗ്ധമായി കുടുക്കിയത്. പിടിലായവര്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘത്തിലെ കണ്ണികളാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."