ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാസികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണിവിടെ നടന്നത്.
ഈസ ടൗണ്‍ സ്‌കൂളിലെ സ്‌കൂള്‍ കാന്പസില്‍ ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ച ഫെയറിലേക്ക് സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം ഒഴുകിയെത്തിയത്.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ബഹ്‌റൈന്‍ പോളിടെക്‌നിക് ചെയര്‍മാന്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍ അസീസ് ആല്‍ ഖലീഫ, സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറകര്‍ അഹ്‌ലം അഹ്മദ് അല്‍ അമീര്‍,ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ ഫസ്റ്റ് ലഫ്. ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല, എല്‍.എം.ആര്‍.എ സി.ഇ. ഒ ഉസാമ അബ്ദുല്ല അല്‍ അബ്‌സി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം കലാമേളയില്‍ വിജയിച്ച കുട്ടികളുടെ നൃത്തപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നകാഷ് അസീസ് നേതൃത്വം നല്‍കിയ സംഗീത നിശ നടന്നു.
പിന്നണി ഗായകരായ ശ്രീനിവാസും ജോത്സനയും വിഷ്ണു രാജും നയിക്കുന്ന ദക്ഷിണേന്ത്യന്‍ സംഗീതനിശ ഇന്ന് നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ രുചിഭേദങ്ങള്‍ പ്രകടമാകുന്ന ഫുഡ് സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6 മണി മുതല്‍ രാത്രി 11 മണി വരെയാണ് ഫെയര്‍ സമയം.
രണ്ടു ദിവസമായി നടക്കുന്ന മെഗാ ഫെയറില്‍ ആകെ 60 സ്റ്റാളുകളാണുള്ളത്. ഫെയറിനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള നാഷണല്‍ സ്‌റ്റേഡിയത്തിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയാതായി സംഘാടകര്‍ അറിയിച്ചു. കൂടാതെ പ്രത്യേക ഷട്ടില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫുഡ് സ്റ്റാളുകള്‍ക്കും മറ്റു വിനോദ സ്റ്റാളുകള്‍ക്കും പുറമെ വിവിധ മന്ത്രാലയങ്ങളുടെ വിജ്ഞാന പ്രദമായ സ്റ്റാളുകളും എല്‍.എം.ആര്‍.എ, ഇന്ത്യന്‍ എംബസി, ഗതാഗത വിഭാഗം എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് ദിനാര്‍ ആണ് പ്രവേശന ഫീസ്. റാഫിള്‍ ഡ്രോയില്‍ വിജയിക്കുന്നവര്‍ക്ക് മെഗ സമ്മാനമായി കാര്‍ നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
1,60,000 ദിനാറാണ് കഴിഞ്ഞ ഫെയറില്‍ നിന്ന് ലഭിച്ചവരുമാനം. ഫെയറില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂള്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."