ബീഫിന്റെ പേരില്‍ വീണ്ടും അക്രമണം: അഞ്ച് യുവാക്കളെ തല്ലിച്ചതച്ചു; 15 പേര്‍ക്കെതിരെ കേസ്
ഫരീദാബാദ്: ബീഫ് കടത്തിയെന്നാരോപിച്ച് അഞ്ച് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ഓട്ടോയില്‍ പശുമാംസം കടത്തുകയായിരുന്നു എന്ന് ആരോപിച്ചാണ് ഫരീദാബാദില്‍ താമസക്കാരായ സോനു, ആസാദ് മുഹമ്മദ്, ഷക്കീല്‍ സഹോദരന്മാരായ ഇസാന് മുഹമ്മദ്, ഷക്കീല്‍ എന്നിവരെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് സംഭവം. ജയ് ഹനുമാന് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു മര്‍ദ്ദനം.
സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ക്കെതിരെ ഹരിയാന ഗോസംരക്ഷണ നിയമം 2015 പ്രകാരവും ഗോരക്ഷാ പ്രവര്‍ത്തകരില്‍ 15 പേര്‍ക്കെതിരെ ഐ.പി.സി 148, 149, 323, 341, 506 എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സുപ്രിം കോടതി ഈയിടെ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ചീഫ് പൊലിസ് ഉദ്യോഗസ്ഥനെ ഓരോ ജില്ലയിലെയും നോഡല്‍ ഓഫിസറായി നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബീഫിന്റെ പേരിലുള്ള അക്രമണം നിര്‍ബാധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."