വീണതു വിദ്യയാക്കുന്നവര്‍ വീഴുന്നേയില്ല
തോമസ് ആള്‍വാ എഡിസന്റെ 'എഡിസന്‍ ഇന്‍ഡസ്ട്രീസ് ' കത്തിയമരുകയാണ്. വര്‍ഷങ്ങളെടുത്ത് അധ്വാനിച്ചുണ്ടാക്കിയതെല്ലാം അതില്‍ വെണ്ണീറായിക്കൊണ്ടിരിക്കുന്നു...! ആര്‍ക്കു കഴിയും ഈ കൊടിയ ദുരന്തം സഹിക്കാന്‍... എഡിസന്‍ പക്ഷേ, തളരുകയോ തകരുകയോ ചെയ്തില്ലെന്നതാണത്ഭുതം. തീപ്പിടിത്തം കണ്ട് വെപ്രാളപ്പെട്ട് ഓടിവന്ന മകനോട് അദ്ദേഹം പറഞ്ഞു:
''വേഗം അമ്മയെ കൂട്ടിക്കൊണ്ടുവരൂ. ഇതുപോലൊരു കാഴ്ച ജീവിതത്തില്‍ ഇനി കാണാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല..!''
പിന്നീട് ആ ചാരക്കൂനയുടെ പരിസരത്തുകൂടെ നടക്കുമ്പോള്‍ എഡിസന്‍ മകനോട് പറഞ്ഞു: ''നമ്മുടെ തെറ്റുകളെല്ലാം കത്തിയമര്‍ന്നു. ഇനി ആദ്യം മുതല്‍ക്കുതന്നെ ആരംഭിക്കാം. അതിനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്.''
വീണതു വിദ്യയാക്കുക എന്നു കേട്ടിട്ടില്ലേ.. വീഴാതിരിക്കുമ്പോഴുണ്ടാകുന്ന സൗന്ദര്യത്തെക്കാള്‍ പതിന്മടങ്ങാണു വീണതു വിദ്യയാക്കുമ്പോഴുണ്ടാകുന്ന സൗന്ദര്യം.
ക്ലാസെടുക്കുമ്പോള്‍ എന്തെങ്കിലും തെറ്റിവായിക്കാനിടയായാല്‍ ശ്രദ്ധാലുക്കളായ വിദ്യാര്‍ഥികള്‍ അധ്യാപകനു തിരുത്തിക്കൊടുക്കാറുണ്ട്. ആ തിരുത്തലുകള്‍ കേള്‍ക്കുമ്പോള്‍ സ്വഭാവികമായും ചമ്മലുണ്ടാകും. ശിഷ്യന്മാര്‍ക്കു മുന്‍പില്‍ തനിക്ക് അബദ്ധം പിണയുകയാണല്ലോ. ഈ ചമ്മല്‍ മാറ്റാനായി അധ്യാപകന്‍ കാണിക്കുന്ന വിദ്യ രസകരമാണ്. വിദ്യാര്‍ഥികളോട് അദ്ദേഹം പറയും:
''അപ്പോള്‍ നിങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്, നല്ല മക്കളാണ്.''
ഇതുകേള്‍ക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് അര്‍ഥം നിറഞ്ഞൊരു ചിരി വിടരുന്നതുകാണാം. അതോടെ ക്ലാസ് ഒന്നുകൂടി സജീവമാകും. വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനം ലഭിക്കുന്നു എന്നതു മാത്രമല്ല, തെറ്റു വായിച്ചിട്ടും അധ്യാപകന്‍ തെറ്റുകാരനായി വിലയിരുത്തപ്പെടുന്നില്ല എന്നതുമാണ് ഈ വിദ്യയാക്കല്‍ പ്രക്രിയയില്‍നിന്നു ലഭിക്കുന്ന നേട്ടം.
പണ്ട് ഒന്നാം തരത്തില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളോട് അധ്യാപകര്‍ പറയുന്ന ഒരു വാക്കുണ്ട്:
''നിങ്ങളെല്ലാം വലിയൊന്നിലേക്ക് ജയിച്ചിരിക്കുന്നു.''
നിങ്ങളെല്ലാം തോറ്റവരാണ് എന്നു പറയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസികപ്രയാസം ഇല്ലാതാക്കാന്‍ ചെയ്യുന്ന വിദ്യയാണിത്. തോറ്റവരായിട്ടും ഞങ്ങള്‍ തോറ്റിട്ടില്ല എന്ന ഫീലിങ് അതിലൂടെ അവര്‍ക്കു ലഭ്യമാകുന്നു.
വീട്ടില്‍നിന്ന് ഭീമമായ സംഖ്യ മോഷണം പോയപ്പോള്‍ വീട്ടുകാരന്‍ ദുഃഖിച്ചില്ല.. പകരം അദ്ദേഹം പറഞ്ഞു: ''പണം ആവശ്യമുള്ള സുഹൃത്തിന് എന്റെ പണം ഉപകാരമായി...''
വീണതു വിദ്യയാക്കുമ്പോള്‍ നാം വീഴുന്നില്ല. നഷ്ടങ്ങള്‍ നഷ്ടങ്ങളുണ്ടാക്കുന്നില്ല.. പരാജയങ്ങള്‍ പരാജയപ്പെടുത്തുന്നില്ല.. വീണതിന്റെ വേദനയെ ഇല്ലാതാക്കാന്‍ വിദ്യയാക്കുന്നതിന്റെ സന്തോഷത്തിനു കഴിയും. സൈക്കിളില്‍നിന്നു വീഴുമ്പോള്‍ മുഖത്തു വിരിയുന്ന വിറച്ചതും വിളറിയതുമായ ചിരി ഒരുതരം മരുന്നുതന്നെയാണ്. ശരീരത്തില്‍ അപ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ വേദനകളാണ് ആ ചിരിയിലൂടെ ഒലിച്ചുപോകുന്നത്.
അല്ലെങ്കിലും വീഴാത്തവരായി ലോകത്താരാണുള്ളത്...?
എനിക്കു ജീവിതത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാരെങ്കിലും പറഞ്ഞാല്‍ ഉടനടി മനസിലാക്കാം അയാള്‍ ജീവിതത്തില്‍ കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്ന്. വീഴാതിരിക്കാനല്ല, വീണാല്‍ എങ്ങനെ വിദ്യയാക്കാമെന്നാണു പഠിക്കേണ്ടത്. ജയിക്കാന്‍ പഠിക്കുന്നതോടൊപ്പം തോല്‍വിയെ തോല്‍വിയല്ലാതാക്കി മാറ്റാനും പഠിക്കണം. ജയിക്കുമ്പോള്‍ മാത്രമല്ല, തോല്‍വിയെ തോല്‍പിക്കുമ്പോഴും നാം ജയിക്കും. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങേണ്ടി വന്നാലും ഒരു പാര്‍ട്ടിയും-അതൊരു ഈര്‍ക്കിള്‍ പാര്‍ട്ടിയാണെങ്കില്‍പോലും-ഞങ്ങള്‍ തോറ്റു എന്നു പറയാറില്ല. തോല്‍വിയംഗീകരിക്കാത്ത ആ സമീപനത്തിനു പല വായനകളുമുണ്ടാകാം. എന്നാലും അതില്‍ ഒരു ഗുണവശം കിടക്കുന്നുണ്ട്. തോറ്റാലും തോറ്റുകൊടുക്കാന്‍ ഞങ്ങള്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യം...! ഞങ്ങള്‍ വിജയിക്കാന്‍ വന്നവരാണെന്ന ഉറച്ച പ്രഖ്യാപനം...! ഈ സമീപനം നിത്യജീവിതത്തിലേക്കു പറിച്ചുനട്ടാല്‍ നമ്മെ പിടിച്ചാല്‍ കിട്ടില്ല. ഉയരങ്ങള്‍ പോലും നമ്മുടെ അടുക്കലെത്താന്‍ പ്രയാസപ്പെടും..
തീരെ തോല്‍ക്കാതെ കിട്ടുന്ന ജയത്തെയും വെല്ലുന്നതാണു തോല്‍വിയെ തോല്‍പിക്കുമ്പോള്‍ കിട്ടുന്ന ജയം. തോല്‍വിയെ തോല്‍പിക്കുന്നവര്‍ക്കാണു തോല്‍ക്കാതെ ജയിച്ചവരെക്കാള്‍ സ്ഥാനമുള്ളത്. ജയിക്കാന്‍ വിവരം മതിയെങ്കില്‍ തോല്‍വിയെ തോല്‍പിക്കാന്‍ വിവേകം വേണം. തോറ്റിട്ടും എഡിസന്‍ തോല്‍ക്കാതെ പോയത് അതുകൊണ്ടാണ്. എബ്രഹാം ലിങ്കന്‍ പല തവണ തോറ്റിട്ടും ഒരിക്കല്‍ പോലും തോറ്റുകൊടുത്തിട്ടില്ല. അടിക്കടിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓരോ തോല്‍വിയും ഇന്നു ചരിത്രത്താളുകളില്‍ ജയത്തിന്റെ സുവര്‍ണശോഭയിലാണു ലങ്കിത്തിളങ്ങുന്നത്.
കേടായ സാധനം വലിച്ചെറിയുന്നവരും വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ പെറുക്കിയെടുക്കുന്നവരും ലോകത്തുണ്ടല്ലോ. ഒന്നാം വിഭാഗം വീഴുന്നവരാ ണ്. തോല്‍വിയെ തോല്‍വിയായി കാണുന്നവര്‍. നഷ്ടത്തെ നഷ്ടമായി തന്നെ വിലയിരുത്തുന്നവര്‍. അവര്‍ക്കു നഷ്ടങ്ങളുണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ രണ്ടാം വിഭാഗം വീണതു വിദ്യയാക്കുന്നവരാണ്. അവര്‍ക്കു വീഴ്ചയുണ്ടാവില്ല. നഷ്ടങ്ങളും പരാജയങ്ങളുമുണ്ടായിരിക്കില്ല. നഷ്ടം സംഭവിച്ചാല്‍പോലും അതിനെ അവര്‍ ലാഭമാക്കി മാറ്റാന്‍ നോക്കും. അവര്‍ക്കു ചപ്പുചവറുകളുണ്ടാവില്ല, വളങ്ങളേയുണ്ടാകൂ. പരാജയങ്ങളുണ്ടാവില്ല, ആവര്‍ത്തിക്കാനുള്ള അവസരങ്ങളേയുണ്ടാകൂ. അവര്‍ക്ക് വെയ്സ്റ്റ് കുഴി എന്നൊരു കുഴിയില്ല. ഉള്ളത് ബയോഗ്യാസ് പ്ലാന്റ്. തീപ്പെട്ടിയില്‍ കൊള്ളികള്‍ തീര്‍ന്നാല്‍ തീപ്പെട്ടി അവര്‍ക്കു കാലിപ്പെട്ടിയല്ല. അതവര്‍ക്കു തങ്ങളുടെ കലാചാതുര്യം പ്രകടിപ്പിക്കാനുള്ള ആയുധമാണ്. അവര്‍ക്കു പഴയ സാധനങ്ങളില്ല, പുതിയതുണ്ടാക്കാനുള്ള ചേരുവകളേയുള്ളൂ. അവര്‍ക്കു പ്രതിസന്ധികളും പ്രതിബന്ധങ്ങളുമില്ല, സുവര്‍ണാവസരങ്ങളേയുള്ളൂ. ഹര്‍ത്താല്‍ ദിനങ്ങളില്‍ പണി മുടങ്ങുന്നില്ല. പകരം മറ്റൊരു പണി തുടങ്ങുകയാണവര്‍. നിലവിലുള്ള പണി മുടക്കിയാലേ അത്തരം പണികള്‍ അവര്‍ക്കു തുടങ്ങാനാകുകയുള്ളൂ. അതിനാല്‍ ഹര്‍ത്താല്‍ അവര്‍ക്കു തടസമല്ല, അവസരമാണ്.
'തോറ്റട്ടില്ല, തോറ്റട്ടില്ല, തോറ്റചരിത്രം കേട്ടട്ടില്ല' എന്നാവണം നമ്മുടെ എപ്പോഴത്തെയും മുദ്രാവാക്യം. തോറ്റാല്‍പോലും തോല്‍ക്കാത്തവരായി മാറുക. പത്തുരൂപയാണു നഷ്ടപ്പെട്ടതെങ്കില്‍ ആ നഷ്ടത്തെ പതിനായിരം രൂപയുണ്ടാക്കാനുള്ള ഊര്‍ജമാക്കി മാറ്റുക. നിലപാടുകളും സമീപനങ്ങളും ഈ വഴിക്കുപോകുമ്പോള്‍ നഷ്ടങ്ങളെല്ലാം ഇരട്ടിക്കിരട്ടി ലാഭമായി മാറുമെന്നതു തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."