HOME
DETAILS

വൈജ്ഞാനിക ജനാധിപത്യ ഇടങ്ങളിലു@ായിരുന്ന വെളിച്ചം

  
backup
October 14 2017 | 22:10 PM

%e0%b4%b5%e0%b5%88%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%87%e0%b4%9f%e0%b4%99

അധ്യാപകന്‍, നിരൂപകന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ചിന്തകന്‍, നാടകപ്രവര്‍ത്തകന്‍ എന്നിങ്ങനെ തന്റെ പ്രവര്‍ത്തനങ്ങളെ വൈവിധ്യപരവും സര്‍ഗാത്മകവുമാക്കിയ ജീവിതമായിരുന്നു ഡോ. വി.സി ഹാരിസ് മാഷിന്റേത്. മയ്യഴിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മയ്യഴി ജവഹര്‍ലാല്‍ നെഹ്‌റു ഹൈസ്‌കൂള്‍, കണ്ണൂര്‍ എസ്.എന്‍ കോളജ്, കാലിക്കറ്റ് സര്‍വകലാശാല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.


എഴുപതുകളിലെ കലുഷിതമായ ഇന്ത്യന്‍ സാഹചര്യത്തില്‍നിന്നുരുത്തിരിഞ്ഞ രാഷ്ട്രീയമായ തിരിച്ചറിവും തീരുമാനങ്ങളും തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിനു ദിശാബോധം നല്‍കിയിരുന്നത്. ഒഡേസാ സിനിമാ സൊസൈറ്റിക്കൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനമണ്ഡലം ആരംഭിക്കുന്നത്. നിരവധി ഡോക്യുമെന്ററികള്‍ക്കും സിനിമാ പഠനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിന് ഈ ഘട്ടത്തില്‍ അദ്ദേഹത്തിനു സാധിച്ചു. ചാലിയാറിന്റെ പരിസ്ഥിതി പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'ജലമര്‍മ്മരം' എന്ന ചിത്രത്തില്‍ സവിശേഷമായ വേഷം ചെയ്തത് ഹാരിസ് മാഷായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായി പ്രധാന കഥാപാത്രത്തെ മാഷായിരുന്നു അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയിലുള്ള ഐ.എഫ്.എഫ്.കെയുടെ പ്രധാന സംഘാടകരില്‍ ഒരാളായും പ്രോഗ്രാം കോഡിനേറ്ററായും ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.


ഫാറൂഖ് കോളജിലെ അധ്യാപനകാലത്തും തുടര്‍ന്നും നാടകപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്നു അദ്ദേഹം. നാടകപ്രവര്‍ത്തനങ്ങള്‍ ഉപരിപഠനമായിട്ടുള്ള കോട്ടയം എം.ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഹാരിസ് മാഷിന്റെയും പി. ബാലചന്ദ്രന്‍ മാഷിന്റെയും സഹ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുന്‍കൈയില്‍ വര്‍ഷത്തില്‍ ഒരു നാടകം വീതം അരങ്ങേറിയിരുന്നു. സ്ഥാപക ഡയറക്ടറായിരുന്ന ജി. ശങ്കരപ്പിള്ളയുടെ സ്മരണാര്‍ഥം ജനുവരി ഒന്നിനായിരുന്നു പുതിയ നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. നിരവധി നാടകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്തും നാടകപ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയുമായിരുന്നു നാടകങ്ങള്‍ പിറവിയെടുത്തത്. ഇയാഗൊ, മധ്യവേനല്‍, പ്രണയരാവ്, തിയറ്റര്‍ തെറാപ്പി തുടങ്ങിയ നാടകങ്ങള്‍ ഇതില്‍ ചിലതായിരുന്നു.


മലയാളത്തില്‍നിന്നും നിരവധി രചനകള്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു ഹാരിസ് മാഷ്. പി. ബാലചന്ദ്രന്റെ 'പാവം ഉസ്മാന്‍' നാടകം, കമലാ സുറയ്യയുടെ 'ചന്ദനമരങ്ങള്‍', മേതില്‍ രാധാകൃഷ്ണന്റെ 'ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ പ്രേമഗാനം', നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക', സി. അയ്യപ്പന്റെ 'പ്രേതഭാഷണം' അടക്കം നാടകങ്ങളും കഥകളും ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം ഇംഗ്ലീഷിലേക്കു മൊഴിമാറ്റി.
ഉത്തരാധുനിക ചിന്താധാരയെ കേരള സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുത്ത ചിന്തകനായിരുന്നു വി.സി ഹാരിസ്. താരതമ്യ സാഹിത്യ പഠനങ്ങളും സ്ത്രീവാദ പഠനങ്ങളും ഉള്‍പ്പെടെയുള്ള നിരൂപണശാഖയെ അടയാളപ്പെടുത്തുന്നതിലും ദലിത് സാഹിത്യത്തെ സ്ഥാനപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായി. ബി. ഉണ്ണികൃഷ്ണനുമായി ചേര്‍ന്നാണ് നവസിദ്ധാന്ത പഠനങ്ങളെ അടയാളപ്പെടുത്തുന്ന ഒന്‍പതു കൃതികള്‍ അദ്ദേഹം എഡിറ്റ് ചെയ്തത്. അതോടൊപ്പം നവസിദ്ധാന്ത പഠനങ്ങള്‍ കൂടുതല്‍ വികസിതമാക്കുന്നതിനു വേണ്ടുന്ന ശ്രമങ്ങള്‍ അദ്ദേഹം നടത്തിയതും കാണാനാകും. ദെറിദയും ഫൂക്കോയും അടങ്ങുന്ന ഉത്തരാധുനിക ചിന്തകരെ മലയാളത്തിലെ വിജ്ഞാനസമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം, കേവലം പണ്ഡിതനായി നോക്കിക്കാണുന്നതിനു പകരം സാമൂഹിക വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് തന്റെ കര്‍ത്തവ്യം മുന്നോട്ടുവച്ചു എന്നതായിരുന്നു അദ്ദേഹത്തെ സമകാലികരായ മിക്ക പണ്ഡിതന്മാരില്‍നിന്നും മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകം.
കോട്ടയം സചിവോത്തമപുരം പട്ടികജാതി കോളനിയില്‍ നടന്ന 11-കെ.വി സമരത്തില്‍ കണ്‍വീനറായാണ് വി.സി ഹാരിസ് മാഷ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണത്. നിരവധി ദലിത്-ആദിവാസി പ്രക്ഷോഭങ്ങളോടൊപ്പവും അദ്ദേഹമുണ്ടായിരുന്നു. സൂര്യനെല്ലി കേസിലെ ഒന്നാമത്തെ വിധിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ടുന്ന നിയമസഹായം ഉറപ്പാക്കുന്നതിന് അദ്ദേഹത്തിനും ഭാര്യ അഡ്വ. അനിലാ ജോര്‍ജിനും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചുവെന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയായി നാം തിരിച്ചറിയേണ്ടതാണ്.


ഇതേ സമയത്തു തന്നെയാണ് 'എഴുത്തും വായനയും' പോലുള്ള സാഹിത്യ നിരൂപണ കൃതികളും പ്രസിദ്ധീകരിക്കുന്നത്. ബഷീറിന്റെ ഭാഷയിലെ മാന്ത്രികത അതിന്റെ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി. എന്‍.എസ് മാധവന്‍ എന്ന പ്രശസ്തനായ എഴുത്തുകാരനുമായി എം.ടി അന്‍സാരി നടത്തിയ വിമര്‍ശന ചര്‍ച്ചകളില്‍ മുസ്‌ലിം സമൂഹത്തിന്റെ അപരവല്‍ക്കരണത്തെ അടയാളപ്പെടുത്താന്‍ 'മുറ്റുപാര്‍ട്ടീസ് ' എന്ന പേരില്‍ ഡോ. വി.സി ഹാരിസ് മാഷ് നടത്തിയ രചനാത്മക സമീപനം ഒരുപക്ഷെ മലയാള നിരൂപണ സാഹിത്യത്തിന്റെ സവിശേഷ സന്ദര്‍ഭത്തിന്റെ ഒരു ഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ടെന്നു നാം തിരിച്ചറിയേണ്ടതായുണ്ട്. അപരവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടുള്ള ജീവിതസന്നദ്ധതയായിരുന്നു ഹാരിസ് മാഷ് മുന്നോട്ടുവച്ച സവിശേഷ മാതൃക.
അതുകൊണ്ടാണ് മാഷ് പറഞ്ഞത്, ജോണും സുരാസുവുമൊക്കെ കേരള ദെറിദമാരാണെന്ന്. ഇതൊരു തിരിച്ചറിവായിത്തീരുകയായിരുന്നു. സമകാല ഇന്ത്യയുടെ സവിശേഷ പതനകാലത്ത് മാര്‍ക്‌സിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ശ്രമമായിരുന്നു ഹാരിസ് മാഷ് സോളോയായി അഭിനയിച്ചുകൊണ്ടിരുന്ന 'മാര്‍ക്‌സ് നാടകം'. മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും കേരളത്തില്‍ വിവിധ സ്റ്റേജുകളില്‍ സോേളായായി അരങ്ങേറുകയും ചെയ്ത പ്രസ്തുത നാടകം ലോക സവിശേഷ സാഹചര്യത്തിലും ഇന്ത്യന്‍ സവിശേഷ സാഹചര്യത്തിലും പുതിയൊരു മാര്‍ക്‌സിനെ പരിചയപ്പെടുത്തുകയും പരമ്പരാഗതമായി പരിചയപ്പെടുത്തിവരുന്ന മാര്‍ക്‌സിനെ അപനിര്‍മിക്കുകയും കൂടിയായിരുന്നു. സ്വത്വപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകസമൂഹ വിഷയങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച ഒരു മാര്‍ക്‌സിനെ നമുക്ക് ഈ നാടകത്തില്‍ കാണാനാകും.


എം.ജിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടറായിരിക്കെ തന്റേതല്ലാത്ത കാരണത്താല്‍ ഈയടുത്ത കാലത്ത് മാഷിനെ പ്രസ്തുത സ്ഥാനത്തുനിന്നു മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെയും വൈജ്ഞാനികലോകത്തിന്റെയും പിന്തുണയുടെ ഭാഗമായി ഒടുവില്‍ മാഷിനെ ഡയരക്ടര്‍ സ്ഥാനത്തുതന്നെ തുടരുവാന്‍ ഉത്തരവിടുകയുമായിരുന്നു അധികാരികള്‍.
1970കളിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട ഹാരിസ് മാഷ് സഹകരണ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹിക-സാംസ്‌കാരിക ഇടങ്ങളിലൂടെയും സഞ്ചരിച്ചത് വൈജ്ഞാനിക ജനാധിപത്യ ഇടങ്ങള്‍ തേടാനുള്ള ശ്രമങ്ങളും അന്വേഷണങ്ങളും നടത്തിക്കൊണ്ടായിരുന്നു. പണ്ഡിതനായിട്ടല്ല, പകരം സഹോദരനായും പിതാവായും സുഹൃത്തായും സഹപ്രവര്‍ത്തകനായും മാഷ് എപ്പോഴും നമ്മുടെ കൂടെയുണ്ടായിരുന്നു. അഥവാ മാഷിനൊപ്പം നമ്മളുണ്ടായിരുന്നു. ഇപ്പോള്‍ അപകടത്തെ തുടര്‍ന്നുള്ള മരണം, ഉണങ്ങാന്‍ കാലതാമസമെടുക്കുന്ന മുറിവായി ഓരോരുത്തരിലും അവശേഷിക്കുന്നു. എങ്കിലും ഇരുട്ടില്‍ നീട്ടിത്തന്ന സെന്‍ഗുരുവിന്റെ വിളക്കുപോലെ, മറികടന്നുപോകാന്‍ അടക്കം പറഞ്ഞുതരുന്ന ജിന്നിന്റെ കൈവിരുതുപോലെ അദ്ദേഹം പകര്‍ന്ന വെളിച്ചം മുന്‍പില്‍ ദീപമായി തിളങ്ങുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago