അര്‍മാദിക്കരുത്
കൈയും തലയും പുറത്തിടരുത് എന്ന് ബസ്സുകളില്‍ സാധാരണ കാണാറുള്ള മുന്നറിയിപ്പാണ്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ചില അവകാശങ്ങളൊക്കെയുണ്ട് എന്നത് ശരിതന്നെ. ഇരുന്നോ നിന്നോ യാത്ര ചെയ്യാം. പക്ഷെ, കൈയും കാലും പുറത്തിട്ടാല്‍ എതിരേ വരുന്ന വാഹനം അവ കൊണ്ടുപോവാം. അതുകൊണ്ട് സൂക്ഷിക്കുക! ഇതേ പേരില്‍ തോപ്പില്‍ ഭാസിയുടെ ഒരു നാടകവുമുണ്ട്. അവകാശത്തെക്കുറിച്ച് മാത്രം സംസാരിക്കുകയും എന്നാല്‍, ചുമതലകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതുമായ സംഘടിത ശക്തികള്‍ക്കെതിരെ, പ്രത്യേകിച്ച് ട്രേഡ് യൂനിയനുകള്‍ക്കെതിരായ ഒളിയമ്പായിരുന്നു ആ നാടകം.
വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റുകാരെല്ലാം ആ നാടകത്തിനെതിരെ നെറ്റി ചുളിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും എം.എല്‍.എയുമൊക്കെയായ ഒരാള്‍ ഇങ്ങനെ എഴുതാമോ എന്ന നീരസമായിരുന്നു അവര്‍ക്ക്. പക്ഷെ, ഭാസിയും കെ.പി.എ.സിയും അതുകൊണ്ടൊന്നും കുലുങ്ങിയില്ല. ഒട്ടേറെ സ്റ്റേജുകളില്‍ അത് അരങ്ങേറി. ഒടുവില്‍ സിനിമയുമായി. ഭാസി അന്നുയര്‍ത്തിയ ചോദ്യം ഇന്നും പ്രസക്തമാണ്; കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും.
എല്ലാറ്റിനും ഒരു പരിധിയുണ്ട്; ഒരു ലക്ഷ്മണരേഖ. നിങ്ങളുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്‍തുമ്പു വരെ എന്ന ചൊല്ലുപോലെ. അതിനപ്പുറം കടന്നാല്‍ പെടും. സോളാര്‍ കേസിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ അകപ്പെട്ടപോലെ.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും എ.കെ.ജിയുടേയുമൊക്കെ വിശുദ്ധി ഇന്നത്തെ രാഷ്ട്രീയക്കാരില്‍ പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമാണ്. സമൂഹത്തിന്റെ സര്‍വമേഖലകളും കീഴ്‌മേല്‍ മറിയുമ്പോള്‍ രാഷ്ട്രീയക്കാരന്‍ മാത്രം അതില്‍നിന്ന് മാറിനില്‍ക്കണമെന്ന് ശഠിക്കുന്നത് യുക്തിസഹമല്ല. എങ്കിലും ഭക്ഷണം കഴിക്കാനും കളവുപറയാനും മാത്രമായി വാ തുറക്കുന്നവരാവരുത് രാഷ്ട്രീയനേതാക്കളെന്ന മിനിമം ആഗ്രഹമെങ്കിലും വച്ചുപുലര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷെ, ആ ഒരു മിനിമം ഗാരണ്ടിയെങ്കിലുമുള്ള എത്ര നേതാക്കള്‍ ഇന്നുണ്ട്?
സോളാര്‍ കേസിന്റെ അന്തിമ തീര്‍പ്പിന് ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. പ്രാഥമിക നിഗമനങ്ങള്‍ മാത്രമേ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളൂ. അതുപോലും പൂര്‍ണമായി ഇപ്പോഴും പുറത്തുവന്നിട്ടില്ല. പക്ഷെ ചോറ് വെന്തോ എന്നറിയാന്‍ നാലഞ്ച് വറ്റ് എടുത്തുനോക്കേണ്ട കാര്യമേയുള്ളൂ. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെടാന്‍ ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ തന്നെ ധാരാളം.
അഴിമതിക്കേസുകള്‍ രാജ്യത്തിന് പുത്തരിയല്ല. അഴിമതിയില്ലാതെ എന്ത് രാഷ്ട്രീയം എന്ന മനോനിലയിലേക്ക് ജനങ്ങള്‍ പരുവപ്പെട്ടിട്ടുമുണ്ട്. പക്ഷെ, ഇത്രയേറെ അശ്ലീലം നിറഞ്ഞ ഒരു അഴിമതി കേരളത്തിലെങ്കിലും ആദ്യമാണ്. അത് ഏതാനും പേരുടെ സ്വകാര്യജീവിതവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണല്ലോ നിയമനിര്‍മാണ സഭകളെ വാഴ്ത്താറുള്ളത്. അവിടെ ഒരു'ഒരുമ്പെട്ടവള്‍' നാടിന്റെ അന്തസ്സും അധികാരവും ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്തയച്ച ഒരുപറ്റം പ്രമാണിമാരെ തന്റെ ചേലത്തുമ്പില്‍ കെട്ടി അമ്മാനമാടി എന്നത് കേവലം ആരോപണമായാല്‍പോലും ഗൗരവമേറിയ കാര്യമാണ്.
തട്ടിപ്പും വെട്ടിപ്പും ശീലമാക്കിയ പ്രതിനായികയെ നമുക്ക് അവിശ്വസിക്കാം. ആ സ്ത്രീയെ കണ്ടിട്ടേയില്ലെന്ന് ആണയിടുകയും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നപ്പോള്‍ മൂന്നുതവണ കണ്ടിട്ടുണ്ടെന്ന് മാറ്റിപ്പറയുകയും ചെയ്ത നേതാവിന്റെ വാക്കിനേയും അതേ അവിശ്വാസത്തോടെ തന്നെയല്ലേ പരിഗണിക്കാന്‍ കഴിയുക?
അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമമായി ദുഷിപ്പിക്കും എന്നാണ് ചൊല്ല്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതാണ് കേരളം കണ്ടത്. നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ എണ്ണംകൊണ്ട് ഏതാണ്ട് തുല്യരായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അതായിരുന്നില്ല സ്ഥിതി. തീര്‍ത്തും ദുര്‍ബലമായിരുന്നു പ്രതിപക്ഷം, പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ചരിത്രത്തില്‍ ആദ്യമായി അവരുടെ ഒരു എം.എല്‍.എയെ രാജിവയ്പിച്ച് ഇപ്പുറംകൊണ്ടുവന്ന് അതേ മണ്ഡലത്തില്‍നിന്ന് ജയിപ്പിച്ചെടുക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞു. പിന്നീട് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തെ നിലംപരിശാക്കിക്കൊണ്ടായിരുന്നു ഭരണപക്ഷത്തിന്റെ ജൈത്രയാത്ര. പ്രതിപക്ഷം നടത്തിയ ഒരു സമരവും ക്ലച്ച് പിടിച്ചില്ല. അടുത്ത അഞ്ചുവര്‍ഷംകൂടി ഭരണത്തുടര്‍ച്ച എന്ന് പ്രതിപക്ഷത്തുള്ളവര്‍പോലും അടക്കം പറഞ്ഞ നാളുകള്‍. യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ആര് എന്ന ഹുങ്കില്‍ പലര്‍ക്കും സമനില തെറ്റി. എന്ത് ചെയ്താലും ചോദ്യം ചെയ്യാനാരുമില്ലെന്ന അഹന്തയില്‍ ഒന്നിനും തുറയും മറയുമില്ലാതായി. എന്തിനും പോന്ന ദല്ലാളുകള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ മാത്രമല്ല അധികാരക്കസേരയില്‍ തന്നെ കയറിയിരിപ്പായി. മുഖ്യന്റെ ഗണ്‍മാനുപോലും എന്തൊരു ഹുങ്കായിരുന്നു.
പുലരുവോളം കക്കരുത് എന്ന് പറഞ്ഞാല്‍ മറ്റുള്ള സമയങ്ങളില്‍ കളവു നടത്താം എന്നല്ല; എല്ലാറ്റിനും ഒരു പരിധിയുണ്ട് എന്ന് തന്നെയാണ് വിവക്ഷ. ഇവിടെ കടിഞ്ഞാണില്ലാത്ത കുതിരകളായിപ്പോയി (അതോ കഴുതകളോ!) പലരും. നിലമ്പൂരില്‍ ഒരു നാട്ടുരാജ്യം തന്നെ കെട്ടിപ്പടുത്തുകളഞ്ഞു അവിടുത്തെ ഒരു രാഷ്ട്രീയ പ്രമാണി. ജയിപ്പിച്ചെടുക്കാന്‍ വിയര്‍പ്പൊഴുക്കിയ ഘടകകക്ഷികളെപ്പോലും പടിക്കുപുറത്തുനിര്‍ത്തിയായിരുന്നു അങ്ങേരുടെയും കുടുംബത്തിന്റെയും ഭരണം.
രാഷ്ട്രീയത്തില്‍ ജയവും തോല്‍വിയും സാധാരണമാണ്. നേട്ടങ്ങളില്‍ സന്തോഷിക്കാം. പക്ഷെ അതിരു വിടരുത്. സമനില തെറ്റി അര്‍മാദിക്കരുത്. ജയം ജനങ്ങള്‍ നല്‍കുന്നതാണ്. അതില്‍ സന്തോഷിക്കേണ്ടതും ജനങ്ങള്‍ തന്നെയാണ്. അത്തരം ഒരു സന്തോഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരിക്കലേ ലഭിച്ചിട്ടുള്ളൂ. അത് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോഴാണ്. അപ്പോഴും അതിന് രാജ്യത്തെ സജ്ജമാക്കിയ മഹാത്മാവ് അര്‍മാദിച്ചില്ല. ഒരു ചിരിപോലും ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് കണ്ടില്ല. കണ്ണീരടക്കി, വിഭജനത്തിന്റെ മുറിവുണക്കാന്‍ ഊരുചുറ്റുകയായിരുന്നു ആ അര്‍ധനഗ്നനായ ഫക്കീര്‍.
അധികാരത്തിന്റെ ഹുങ്ക് ഏതെങ്കിലും ഒരുപക്ഷത്ത് കാണുന്ന ഒന്നല്ല. ഇ.കെ നായനാരുടെ ഒന്നാം ഭരണകാലത്ത് അത് സി.ഐ.ടി.യുവിന്റെ രൂപത്തിലായിരുന്നു. രണ്ടാം ഭരണത്തില്‍ ഡി.വൈ.എഫ്.ഐയുടെ ഊഴമായിരുന്നു. പൊലിസ് സ്റ്റേഷനുകളില്‍പ്പോലും അവരുടെ തിട്ടൂരമായിരുന്നല്ലോ. എന്നാല്‍, അഹങ്കാരത്തിന്റെ എല്ലാ അതിരുകളും ഭേദിക്കുകയാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംഘ്പരിവാറുകാര്‍. അടുക്കളയിലും കിടപ്പുമുറികളിലും വരെ കയറി അവര്‍ തേര്‍വാഴ്ച നടത്തുന്നു. ഇതിനൊക്കെ ഒരുനാള്‍ കണക്ക് പറയേണ്ടിവരും എന്ന് പറയാന്‍ പക്വതയുള്ള ഒരു നേതാവും അവര്‍ക്കിടയില്‍ ഇല്ലാതെ പോയി എന്നതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ദുര്‍ഗതി.
എങ്കിലും ആസുരമായ ഇക്കാലത്തും ആശ്വാസമായി ചില വാക്കുകള്‍ കേള്‍ക്കാം. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടുനേടി പി.കെ കുഞ്ഞാലിക്കുട്ടി റെക്കോഡ് വിജയം നേടിയ സന്ദര്‍ഭം. ആഹ്ലാദം പങ്കിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പതിനായിരങ്ങള്‍. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് താക്കീതുപോലെ ഒരു ശബ്ദം: ആഹ്ലാദമാവാം; പക്ഷെ അതിരുവിടരുത്. അപ്പറഞ്ഞതില്‍ എല്ലാമുണ്ട്. പക്ഷെ അങ്ങനെ പറയുന്ന എത്ര നേതാക്കളുണ്ട് നമുക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."