HOME
DETAILS

മനസ്സു നന്നാവട്ടെ.., മതമേതെങ്കിലുമാവട്ടെ

  
backup
October 14 2017 | 23:10 PM

%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%ae%e0%b5%87%e0%b4%a4

രാവിലെയുണ്ടാകുന്ന അനുഭവങ്ങള്‍ അന്നത്തെ മനോഭാവത്തെയും പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുമെന്നാണു മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. രാവിലെ കേള്‍ക്കുന്നതു നല്ല വാര്‍ത്തകളും കാണുന്നതു നല്ല കാഴ്ചകളുമാണെങ്കില്‍ അന്നത്തെ ദിവസം സ്വയമറിയാതെ തന്നെ ഊര്‍ജ്ജക്കൂടുതല്‍ അനുഭവപ്പെടും. കേള്‍ക്കുന്നതും കാണുന്നതും മോശം കാര്യങ്ങളാണെങ്കില്‍ ആ ദിവസത്തെ ഓരോ പ്രവര്‍ത്തനത്തെയും അതു ബാധിക്കും.


അത്തരമൊരു നല്ല അനുഭവത്തിന്റെ മാനസികോല്ലാസത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. എം.എം ഹൈസ്‌കൂള്‍ എന്നറിയപ്പെടുന്ന പരപ്പില്‍ മദ്രസ്സത്തുല്‍ മുസ്‌ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരുടെ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ചടങ്ങിനു തുടക്കം കുറിച്ചുകൊണ്ട് നാലഞ്ചു കുട്ടികള്‍ നടത്തിയ പ്രാര്‍ത്ഥനാ ഗാനം ഹൃദയത്തിന്റെ അഗാധതകളെ സ്പര്‍ശിക്കുന്നതായിരുന്നു.


ആ വരികള്‍ ഇങ്ങനെയായിരുന്നു,
'മനസ്സു നന്നാവട്ടെ
മതമേതെങ്കിലുമാവട്ടെ
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം
മാണ്‍പുകള്‍ വിരിയട്ടെ...'


ഇന്നത്തെ ഭീതിതമായ രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷത്തില്‍ ഈ ഗീതം നമ്മുടെ രാജ്യത്തെ എല്ലാവരുടെയും മനസ്സിലേയ്ക്ക് ഒഴുകിയെത്തി പകയുടെയും വിദ്വേഷത്തിന്റെയും പങ്കിലതകള്‍ കഴുകിക്കളഞ്ഞെങ്കില്‍ എന്ന് ആ നിമിഷങ്ങളില്‍ ആത്മാര്‍ത്ഥമായി ആലോചിച്ചുപോയി.


നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഈ ഗീതം പുതിയതല്ല. ആദ്യമായി കേള്‍ക്കുകയുമല്ല. എങ്കിലും, രാവിലെ ആ ചടങ്ങില്‍ കുട്ടികള്‍ അതു പാടുന്നതു കേട്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും ഉന്മേഷവും ഊര്‍ജ്ജവും മനസ്സില്‍ നിറയുകയായിരുന്നു. സാമുദായിക വിരോധത്തിന്റെ പേരില്‍ പകയുടെ തത്ത്വശാസ്ത്രം വിളമ്പുന്ന പ്രസ്താവനകളും പ്രസംഗങ്ങളും നിറഞ്ഞ വാര്‍ത്താ കൂമ്പാരത്തിനിടയില്‍നിന്നു രക്ഷപ്പെട്ടു വിദ്യാലയത്തിലെ സമത്വസുന്ദരമായ അന്തരീക്ഷത്തിലെത്തി ഇത്തരമൊരു ഗാനം കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും മനസ്സു നിറയുമല്ലോ.


സന്തോഷം തരുന്ന വാക്കുകള്‍ പിന്നെയും അതേ ചടങ്ങില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അത് പി.ടി.എ ഭാരവാഹിയായ റാഫി മുഖദാറിന്റെ ആശംസാപ്രസംഗത്തിലായിരുന്നു. മദ്രസ്സത്തുല്‍ മുസ്‌ലിം ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ കുറച്ചുവര്‍ഷം മുമ്പു നടത്തിയ സപ്തദിന ക്യാമ്പിനെക്കുറിച്ചാണു റാഫി സംസാരിച്ചത്.


നരിക്കുനിയിലായിരുന്നു ക്യാമ്പ്. അവിടത്തെ പ്രധാന കര്‍ത്തവ്യം റോഡ് നിര്‍മാണമായിരുന്നു. റോഡ് നിര്‍മ്മിച്ചതു പുരാതനവും പ്രശസ്തവുമായ ഒരു ക്ഷേത്രത്തിലേയ്ക്ക്. അതിനെക്കുറിച്ചു റാഫിയുടെ വാക്കുകള്‍ ഇങ്ങനെ: ''ആ ക്യാമ്പില്‍ കുട്ടികള്‍ക്കൊപ്പം റോഡ് നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതു നിര്‍വൃതിയോടെയാണു ഞാന്‍ ഓര്‍ക്കുന്നത്. എം.എം.എച്ചിലെ കുട്ടികള്‍ ക്ഷേത്രത്തിലേയ്ക്കു റോഡ് വെട്ടിയപ്പോള്‍ നാട്ടുകാരുമായി ഉണ്ടായിത്തീര്‍ന്ന മനസ്സിന്റെ ഇഴയടുപ്പം പറഞ്ഞറിയിക്കാന്‍ കഴിയില്ല.''
ഒരു വിദ്യാലയത്തില്‍ നടന്ന ചെറിയൊരു സംഭവം ഇവിടെ കുറിക്കുന്നതില്‍ എന്തര്‍ത്ഥമെന്നു ചോദിക്കുന്നവരുണ്ടാകുമോ എന്നറിയില്ല. ഒരുപക്ഷേ, ഉണ്ടായേക്കാം. അവരുടെ ബോധ്യത്തിനായി ചില കാര്യങ്ങള്‍ ഇവിടെ പറയട്ടെ. നമ്മുടെ നാട്ടിലെ ബാല്യങ്ങളും കൗമാരങ്ങളും യൗവനങ്ങളും കന്മഷമില്ലാതെ മാനവഹൃത്തിന്‍ ചില്ലകളില്‍ മാണ്‍പ് വിരിയണമെന്ന് ആഗ്രഹിക്കുന്നവരാണ്. സാമുദായിക വിരോധത്തിന്റെ വിഷം കുത്തിവച്ചു കുത്സിതമനസ്‌കര്‍ അവരെ വായുകടക്കാത്ത പലപല തട്ടുകളില്‍ ബന്ധിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്.


എന്തിനെയും ഏതിനെയും വര്‍ഗീയമായി മാത്രം കാണുകയും അത്തരത്തില്‍ മാത്രം ചിന്തിക്കുകയും അതിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ശാപം. പടക്കനിരോധവുമായി ബന്ധപ്പെട്ടു സുപ്രിംകോടതി നടത്തിയ പരാമര്‍ശം അതിനു തെളിവാണ്. പടക്കവില്‍പ്പന നിരോധനത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ ദുഃഖമുണ്ടെന്നാണു സുപ്രിംകോടതിയുടെ വാക്കുകള്‍. നീതിപീഠത്തിന്റെപോലും മനംമടുപ്പിക്കുന്ന നടപടികളാണു നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നര്‍ഥം.


ദീപാവലിക്കാലത്തു പടക്കവില്‍പ്പന പൂര്‍ണമായും നിരോധിക്കുകയല്ല സുപ്രിംകോടതി ചെയ്തത്. ഒരു നിയന്ത്രണവുമില്ലാതെ നാടെങ്ങും മത്സരിച്ചു പടക്കംപൊട്ടിക്കുകയും അതിലൂടെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യാതിരിക്കാന്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
അതിഭീകരമായ ശബ്ദത്തില്‍ വ്യാപകമായി പടക്കംപൊട്ടിക്കുന്നതു മൂലം ഉണ്ടാകുന്ന ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും വിവരമുള്ളവരെല്ലാം സമ്മതിക്കുന്ന കാര്യമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷച്ചടങ്ങുമായി ബന്ധപ്പെട്ട് അങ്ങനെ ചെയ്താല്‍ മലിനീകരണത്തിന്റെ തോതു കുറയില്ലെന്നും എല്ലാവര്‍ക്കും അറിയാം. ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതും സത്യം.


എന്നിട്ടും എന്തുകൊണ്ടാണ് ഇതിനെയൊക്കെ വര്‍ഗീയവല്‍ക്കരിക്കുന്നത്. അങ്ങനെ ചെയ്യുന്നവരുടെ ലക്ഷ്യം മൈത്രിയും സാഹോദര്യവും തകര്‍ത്തു രാഷ്ട്രീയലാഭം നേടുകയെന്നതു തന്നെയാണ്. ഇന്ത്യയെപ്പോലൊരു നാട്ടില്‍ അങ്ങനെ ചെറിയ തീപ്പൊരികള്‍ വീഴ്ത്തി സാമൂഹ്യാന്തരീക്ഷത്തില്‍ വലിയ തീപിടുത്തങ്ങളും കനത്ത നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ കഴിയുമായിരിക്കാം. രാഷ്ട്രീയാധികാരങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാന്‍ കഴിയുമായിരിക്കാം.


പക്ഷേ, അതുകൊണ്ടു ആത്യന്തികമായി സംഭവിക്കുന്നതെന്ത്.
ഇളംമനസ്സുകളില്‍വരെ വര്‍ഗീയതയുടെയും സാമുദായികതയുടെയും കടുത്ത വിള്ളലുകള്‍ വീഴുമെന്നതില്‍ സംശയമില്ല. അങ്ങനെ വളരെച്ചെറുപ്പത്തില്‍ തന്നെ അവര്‍ പകയുടെയും വെറുപ്പിന്റെയും വക്താക്കളായി മാറും. ആ അവസ്ഥയുണ്ടാക്കുന്ന ആഘാതം താങ്ങാന്‍ നമ്മുടെ നാടിനു കഴിയില്ല. സാമുദായികവിരോധത്തിന്റെ പരിക്കുകള്‍ വേണ്ടതിലേറെ അനുഭവിച്ച രാജ്യമാണു നമ്മുടേത്.
ഇവിടെ വേണ്ടത് മതമേതായാലും മനസ്സു നന്നാവല്‍ തന്നെയാണ്.


മനുഷ്യമനസ്സാകുന്ന ചില്ലകളില്‍ സാഹോദര്യത്തിന്റെ പൂക്കള്‍ വിരിയല്‍ തന്നെയാണ് സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. ആ ഗീതത്തില്‍ പറയുന്നപോലെ ലക്ഷ്യം സത്യവും മാര്‍ഗം ധര്‍മവും ആയിത്തീരുമ്പോള്‍ ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാമികരുടെ കൈകള്‍ പരസ്പരം ഇണങ്ങുക തന്നെ ചെയ്യും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago