സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: നിയമസഭയില്‍ സമര്‍പ്പിക്കുന്നതുവരെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ ഓഫിസിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും റിപ്പോര്‍ട്ട് പുറത്തുപോകരുതെന്ന വാശിയിലാണ് സര്‍ക്കാര്‍.
നിയമസഭ അവസാനമായി സമ്മേളിച്ചത് ഓഗസ്റ്റ് മാസത്തിലാണ്. ആറുമാസത്തിനിടയില്‍ നിയമസഭ ചേരേണ്ടതുള്ളതിനാല്‍ നവംബറില്‍ സഭ സമ്മേളിക്കുമെന്നാണ് സൂചന.
അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു മുന്‍പ് കുറ്റാരോപിതര്‍ക്കെതിരേ കേസന്വേഷണത്തിന് ഉത്തരവിട്ടതില്‍ നിയമപരമായി തെറ്റില്ലെന്നു നിയമവിദഗ്ധര്‍ പറയുന്നു. അന്വേഷണ കമ്മിഷന്‍ നിയമത്തിലെ 3(4) വകുപ്പനുസരിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും ആറുമാസത്തിനകം നിയമസഭയില്‍ വയ്ക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.
സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് നടപടിയെടുക്കുന്നതില്‍ തെറ്റില്ലന്നും നിയമവിദഗ്ധര്‍ പറയുന്നു. പ്രാധാന്യമുള്ള വിഷയങ്ങളില്‍ കമ്മിഷനുകളെ നിയമിക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് 1952ലെ അന്വേഷണ കമ്മിഷന്‍ നിയമം 3(1) വകുപ്പില്‍ പറയുന്നുണ്ട്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് തടസങ്ങളില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.
എന്നാല്‍, കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപെട്ട 134 കമ്മിഷനുകളുടെ റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ സഭയില്‍ പറയാതെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നത് അവകാശ ലംഘനമാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വിവരാവകാശ നിയമത്തെ ആശ്രയിക്കുന്നത് ആദ്യമായല്ല. മാറാട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ്. മാറാട് കമ്മിഷനെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ഡി.ബി ബിനു വിവരാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയാറായില്ല. ഒടുവില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയില്‍നിന്ന് 14,500 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."