ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നതിനെ ചൊല്ലി വിവാദം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ കാലാവധി അവസാനിക്കാറായിട്ടും ഗുജറാത്തിനെ ഒഴിച്ചുനിര്‍ത്തി ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെച്ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. കമ്മിഷന്റെ മേല്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തുകയാണെന്നും കമ്മിഷന്റെ അധികാരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട സകലപരിധിയും ബി.ജെ.പി ലംഘിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മിഷന്റെ മേല്‍ നിന്ദ്യമായ സമ്മര്‍ദ തന്ത്രം പ്രയോഗിക്കുകയാണ് മോദിസര്‍ക്കാര്‍. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്ന് പത്തുമിനിറ്റിനുള്ളില്‍ ഗുജറാത്ത് സര്‍ക്കാര്‍ കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തി. സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളുന്നയിച്ച പ്രക്ഷോഭരംഗത്തുള്ള പട്ടേല്‍-വാല്‍മീകി സമുദായങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ലോബിക്കും അനുകൂലമാകുന്ന വിധത്തിലുള്ളതാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍. എന്തിനായിരുന്നു ഇത്തരത്തിലുള്ള ധൃതിപിടിച്ചുള്ള പ്രഖ്യാപനമെന്നും സിങ്‌വി ചോദിച്ചു.
ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത കമ്മിഷന്റെ നടപടിയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നാളെ ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് നിരവധി പ്രഖ്യാപനങ്ങള്‍ നടത്താനും ഇപ്പോഴത്തെ കമ്മിഷന്റെ നടപടി കൊണ്ട് കഴിയും.
ഗുജറാത്തില്‍ ബി.ജെ.പി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതിന് പിന്നിലെന്നും കോണ്‍ഗ്രസ് പറയുന്നു.
കമ്മിഷന്റെ നടപടിയില്‍ സംശയം പ്രകടിപ്പിച്ച മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ എസ്.വൈ ഖുറേശിയുടെ പ്രസ്താവനയെ ശരിവച്ച സിങ്‌വി, കമ്മിഷന്റെ തീരുമാനം ദൗര്‍ഭാഗ്യകരമായെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി സമ്മര്‍ദത്തിലാക്കിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, കോണ്‍ഗ്രസ് അവരുടെ അനുഭവത്തില്‍ നിന്നാകും അത്തരമൊരു ആരോപണമുന്നയിക്കുന്നതെന്ന് പ്രതികരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രസ്വഭാവം ബി.ജെ.പി വകവച്ചുകൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പല്ലുകൊഴിഞ്ഞ സിംഹമാണെന്നാണ് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ഗാന്ധി ഹൈദരാബാദിലെ നല്‍സാര്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടത്. ഭരണഘടനയുടെ 324ാം വകുപ്പില്‍ പറയുന്നത് രാജ്യത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണെന്നാണ്. എന്നാല്‍, കമ്മിഷന്‍ യഥാര്‍ഥത്തില്‍ അങ്ങനെ ചെയ്യുന്നില്ല. വരവുചെലവ് കണക്കുകള്‍ പ്രഖ്യാപിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗീകാരം കമ്മിഷന്‍ റദ്ദാക്കിയിട്ടില്ല. കമ്മിഷന്റെ ഏറ്റവും വലിയ പ്രശ്‌നം അതിന്റെ പല്ലുകൊഴിഞ്ഞുവെന്നതാണ്- വരുണ്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."