സോമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനം; 20 മരണം
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ വന്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലെ നഗരമധ്യത്തിലുള്ള കെ 5 ജങ്ഷനില്‍ ഒരു ഹോട്ടലിനു പുറത്തായിരുന്നു സംഭവം. നിരവധി സര്‍ക്കാര്‍ ഓഫിസുകളും ഹോട്ടലുകളും റെസ്റ്ററന്റുകളുമുള്ള മേഖലയാണിവിടെ.
നഗരത്തിലെ ജനത്തിരക്കേറിയ സഫാരി ഹോട്ടലിനു പുറത്താണു ഭീകരാക്രമണം നടന്നത്. ആദ്യം ആയുധധാരികളായ നാലംഗ സംഘം വന്ന് ഹോട്ടലിനകത്തും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഹോട്ടല്‍ ഉടമകള്‍ക്കും സുരക്ഷാജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലിസുമായും ഭീകരര്‍ ഏറ്റുമുട്ടി. തുടര്‍ന്നാണ് ഹോട്ടലിനു പുറത്തേക്ക് ഇടിച്ചുകയറിയ കാര്‍ പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും കത്തിയമര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."