സൂകിക്ക് റോഹിംഗ്യാ യുവാവിന്റെ തുറന്ന കത്ത് 'താങ്കള്‍ ചുട്ടുചാമ്പലാക്കിയത് എന്റെ എഴുത്തുസ്വപ്നങ്ങളെ കൂടിയാണ് '
ഏറെ മോഹിപ്പിക്കുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നിങ്ങളെ തേടിയെത്തിയ അതേ വര്‍ഷം തന്നെയാണ് ഞാന്‍ ഈ ലോകത്തേക്കു പിറന്നുവീണത്. നമ്മുടെ രാജ്യത്തുനിന്നുള്ള ഒരാള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു അത്. എന്റെ സ്വദേശമായ റാഖിന്‍ സംസ്ഥാനത്തെ മൗങ്‌ദോയില്‍ എല്ലാവരും അന്നു സന്തോഷത്തിലായിരുന്നു. നിങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരം തങ്ങളുടേതാണെന്ന പോലെ അവര്‍ ഏറെ സന്തോഷിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി തങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന ബോധം റോഹിംഗ്യകള്‍ക്കുണ്ടായി. ഞങ്ങളും മ്യാന്മറുകാരാണെന്ന് അഭിമാനത്തോടെ അന്നു ഞങ്ങള്‍ വിളിച്ചുപറഞ്ഞു. സൈനിക ഭരണകൂടത്തിനു കീഴിലുള്ള വര്‍ഷങ്ങളുടെ പീഡനങ്ങള്‍ക്കൊടുവില്‍, പതിറ്റാണ്ടുകളുടെ കൊടിയ പീഡനങ്ങളനുഭവിച്ച ജനതയെ താങ്കളുടെ സമാധാന പുരസ്‌കാരലബ്ധി ഏറെ പ്രചോദിപ്പിച്ചു.
ഞാന്‍ വളരുന്തോറും എന്റെ മുത്തച്ഛന്‍ നിങ്ങളെ കുറിച്ച് ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ പ്രവര്‍ത്തകര്‍ ഗ്രാമം സന്ദര്‍ശിച്ചപ്പോഴെല്ലാം, ഏറ്റവും നല്ല ആട്ടിറച്ചിയും മാട്ടിറച്ചിയും കൊണ്ട് വിഭവങ്ങളൊരുക്കി അദ്ദേഹം അവരെ മഹാമനസ്‌കതയോടെ സ്വീകരിച്ചിരുത്തി. നിങ്ങള്‍ തിരഞ്ഞെടുത്ത വഴിയെ ചലിക്കാന്‍ പിതാവും പ്രിയപ്പെട്ട മുത്തച്ഛനും എന്നോട് നിര്‍ദേശിച്ചു. നിങ്ങളുടെ ശക്തമത്തായ ശബ്ദവും പോരാട്ടവും എന്റെ ഉമ്മയെ ഏറെ ആകര്‍ഷിച്ചു. 2010ല്‍ അവസാനം വീട്ടുതടങ്കലില്‍നിന്ന് നിങ്ങളെ സൈന്യം മോചിപ്പിച്ചപ്പോള്‍ ഞങ്ങള്‍ സന്തോഷാതിരേകത്താല്‍ മതിമറന്നു. എന്നാല്‍, അന്നുമുതല്‍ ഏഴുവര്‍ഷമായി ഞങ്ങള്‍ റോഹിംഗ്യകള്‍ ഒരു കിരാത-നരാധമ ഭരണകൂടത്തിന്റെ ഇരകളായി തുടരുകയാണ്. ഇപ്പോള്‍ നിങ്ങളുടെ കരങ്ങളാലാണ് ആ പീഡനങ്ങളത്രയും.
2015ല്‍ പൊതുതെരഞ്ഞെടുപ്പില്‍ താങ്കള്‍ വിജയം നേടിയതോടെ മുസ്‌ലിം പ്രതിനിധികളെയെല്ലാം നിങ്ങള്‍ പാര്‍ട്ടിയില്‍നിന്നു പുറന്തള്ളി. നിങ്ങളുടെ രാഷ്ട്രീയ ഭീരുത്വത്തിന്റെ ആദ്യ സൂചനയായിരുന്നു അത്. ഏതാനും മാസങ്ങള്‍ക്കകം നിങ്ങളുടെ ഭരണകൂടം വടക്കന്‍ റാഖിനില്‍ 'ഉന്മൂലന നടപടികള്‍' ആരംഭിച്ചു. അന്ന് എണ്ണമറ്റ സാധാരണക്കാര്‍ കുരുതികൊടുക്കപ്പെട്ടു. പാവം പെണ്ണുങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയായി. അന്താരാഷ്ട്രതലത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും നിങ്ങള്‍ കുറ്റങ്ങള്‍ നിഷേധിച്ചു. റാഖിനില്‍ നൂറ്റാണ്ടുകളായി അധിവസിക്കുന്ന ജനതയായ ഞങ്ങളെ 'റോഹിംഗ്യ' എന്നു വിളിക്കാന്‍ പോലും താങ്കള്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ ഓഗസ്റ്റ് 25നു നടന്ന അക്രമസംഭവങ്ങള്‍ മുതല്‍ അഞ്ചുലക്ഷത്തിലേറെ റോഹിംഗ്യകളാണ് നാടുവിട്ട് അയല്‍പക്കത്തെ ബംഗ്ലാദേശിലെത്തിയത്. ആയിരത്തിലേറെ റോഹിംഗ്യ ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 15,000ത്തോളം വീടുകള്‍ ചുട്ടുചാമ്പലാക്കി. അവിടെ ശേഷിച്ചവര്‍ ഭീതിയിലും നിരാശയിലും മുങ്ങിക്കഴിയുകയാണ്. സെപ്റ്റംബര്‍ ഒന്നിന് ഞങ്ങള്‍ക്കും വീടുവിടേണ്ടി വന്നു. മൂന്നു പകലും രണ്ടു രാത്രിയും നീണ്ട അലച്ചിലിനൊടുവില്‍ ചെറിയൊരു ചങ്ങാടത്തില്‍ നാഫ് നദി കടന്ന് ഞങ്ങള്‍ ബംഗ്ലാദേശിലെത്തി. ഒടുവില്‍ കുതുപലോങ് അഭയാര്‍ഥി ക്യാംപില്‍ അഭയംകണ്ടെത്തി. എന്റെ വീട് പൂര്‍ണമായി കത്തിയെരിഞ്ഞതായി പിന്നീട് ഞങ്ങള്‍ക്കു വിവരം ലഭിച്ചു. സൈന്യമോ ഭീകരരോ ആണ് അത് ചെയ്തതെന്നു മിക്കവരും പറയുമ്പോള്‍ അത് നിങ്ങള്‍ ചെയ്തതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അതിന്റെ കുറ്റം താങ്കള്‍ക്കാണ്.
വീട് മാത്രമല്ല എന്റെ പുസ്തകങ്ങളെല്ലാം നിങ്ങള്‍ കത്തിച്ചുകളഞ്ഞിരിക്കുന്നു. സിറ്റ്‌വേ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് പഠിച്ച് ഒരെഴുത്തുകാരനാകണമെന്നായിരുന്നു ഞാന്‍ എല്ലായ്‌പ്പോഴും സ്വപ്നം കണ്ടിരുന്നത്. പക്ഷെ നിങ്ങള്‍ക്കറിയില്ലേ, അവിടെ പഠിച്ച് ബിരുദം നേടാന്‍ റോഹിംഗ്യകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് ഞാന്‍ ആവേശമുള്‍ക്കൊണ്ടു. നെല്‍സന്‍ മണ്ടേലയുടെ 'ലോങ് വാക്ക് ടു ഫ്രീഡം' നിങ്ങള്‍ കത്തിച്ചുകളഞ്ഞിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആത്മകഥയ്ക്കു നിങ്ങള്‍ തീകൊടുത്തു. ലൈമാ ബവീയുടെ 'മൈറ്റി ബീ അവര്‍ പവര്‍' നിങ്ങള്‍ അഗ്നിയിലെറിഞ്ഞു. എന്തിനേറെ, സ്വന്തം പുസ്തകമായ 'ഫ്രീഡം ഫ്രം ഫിയറും' നിങ്ങള്‍ ചുട്ടുകളഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മോഹങ്ങളും അഭിലാഷങ്ങളും അഗ്നിയിലെരിഞ്ഞതിന്റെ ഉത്തരവാദി നിങ്ങളാണ്.ലോകത്തെ ഏറ്റവും വേട്ടയാടപ്പെട്ട സമുദായമാണ് റോഹിംഗ്യകളെന്നതല്ല എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നത്. നിങ്ങളുടെ, ആങ് സാന്‍ സൂകിയുടെ മ്യാന്മറിലാണ് ഏറ്റവും ഹിംസകള്‍ക്കിരയായ സമുദായമായി ഞങ്ങള്‍ ജീവിക്കുന്നതെന്ന് അറിയുമ്പോഴാണ് ഹൃദയം പൊട്ടുന്നത്.
നിങ്ങള്‍ നിങ്ങളുടെ വഴി തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവര്‍ക്കും സുതരാം വ്യക്തവുമാണത്. ദശലക്ഷക്കണക്കിനു റോഹിംഗ്യകളെ നാട്ടില്‍നിന്നു പുറത്താക്കി ലോകം മുഴുക്കെ അലയാന്‍ വിട്ടയാളുടെ പര്യായപദമായിരിക്കുന്നു നിങ്ങളിപ്പോള്‍. നിങ്ങള്‍ക്കും മുന്‍പേവന്ന എണ്ണമറ്റ സ്വേച്ഛാധിപതികളുടെ കൂട്ടത്തില്‍ നിങ്ങളും ഇടംപിടിച്ചിരിക്കുന്നു.
(കടപ്പാട്: അല്‍ജസീറ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."