ബേപ്പൂര്‍ ബോട്ടപകടം കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഫറോക്ക് (കോഴിക്കോട്): ബേപ്പൂരിനു സമീപം കപ്പലിടിച്ചു തകര്‍ന്ന ബോട്ടിലെ കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരച്ചിലിനിടയില്‍ വെള്ളിയാഴ്ച കണ്ടെത്തിയ ബോട്ടുടമയും സ്രാങ്കുമായ കന്യാകുമാരി തൂത്തൂര്‍ ചിന്നത്തറയിലെ സേവ്യറിന്റെ മകന് ആന്റണിയുടെ (39) മൃതദേഹം ഇന്നലെ പുലര്‍ച്ചെ കരയ്ക്കെത്തിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ജന്മനാട്ടിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ ഏഴിന് ചിന്നത്തറ സെന്റ് ജൂഡ്സ് പള്ളിയില്‍ സംസ്കാരം നടക്കും. തകര്‍ന്ന ബോട്ടിന്റെ അടിഭാഗത്ത് കുടുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്നലെ പുലര്‍ച്ചെ ബേപ്പൂര്‍ തീരത്തെത്തിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്.
കാണാതായ ആന്റണിയുടെ ഭാര്യാപിതാവ് ചിന്നത്തറ തൂത്തൂര്‍ സെന്റ് ജൂഡ്സ് കോളനിയിലെ രമ്യാസ് (50) തിരുവനന്തപുരം പൊലിയൂര്‍ പരുത്തിയൂര്‍ പുതുവേല്പുരയിടം പ്രിന്‍സ് (28), പൂവാര്‍ തിരുപുറം പള്ളംപുരയിടം ജോണ്സണ് (19) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. ഇന്നലെ രാവിലെ ഏഴുമുതല്‍ തീരസംരക്ഷണ സേനയുടെ സി 404 ഇന്റര്‍സെപ്റ്റര്‍ ഷിപ്പും കൊച്ചിയില്‍ നിന്നുള്ള ആര്യമെന് എന്ന കപ്പലും സംയുക്തമായി ആരംഭിച്ച തിരച്ചില്‍ രാത്രിവരെ തുടര്‍ന്നു. ബോട്ടുകളുമായി കന്യാകുമാരിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും തിരിച്ചിലില്‍ പങ്കാളികളായി.
ബുധനാഴ്ച രാത്രിയാണു ബേപ്പൂര്‍ തീരത്തുനിന്ന് 51 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിടിച്ച് കൊച്ചിയില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്.
നാലു മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരുന്നത്. ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ വ്യാഴാഴ്ച രാത്രിതന്നെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു.
അതേസമയം, കപ്പലിടിച്ചാണ് ബോട്ട് ദുരന്തമുണ്ടായതെന്നുള്ള രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി കാര്‍ത്തികിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ തീരദേശ പൊലിസ് കേസെടുത്തിരുന്നു.
സി.ഐ പി.കെ സതീഷിന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്നലെ അപകടമുണ്ടായ കടലിലെ ഭാഗവും തകര്‍ന്ന ബോട്ടും സന്ദര്‍ശിച്ചു. അപകടം നടന്നത് ബേപ്പൂരില്‍ നിന്ന് 51 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേസ് ഫോര്‍ട്ട് കൊച്ചി തീരദേശ പൊലിസിന് കൈമാറുമെന്നു ബേപ്പൂര്‍ തീരദേശ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."