ലോകഗജദിനം; വയനാട് വന്യജീവി സങ്കേതത്തില്‍ ആനയൂട്ട് നടത്തി
സുല്‍ത്താന്‍ ബത്തേരി: ലോക ഗജദിനത്തോടനുബന്ധിച്ച് വയനാട് വന്യജീവി സങ്കേതത്തില്‍ ആനയൂട്ട് നടത്തി. രാവിലെ മുത്തങ്ങ ആന ക്യാംപിലെ പന്തിയിലാണ് ആനയൂട്ട് നടന്നത്. ക്യാംപിലെ മൂന്ന് കുങ്കിയാനകളെയും മൂന്ന് കുട്ടിയാനകളെയുമാണ് ഊട്ടിയത്. കുഞ്ചു, പ്രമുഖ, സൂര്യ, അപ്പു, അമ്മു, ചന്തു എന്നീ ആനകളെയാണ് ഊട്ടിയത്. ഇതിനുപുറമെ അവില്‍ ഈന്തപ്പഴം എന്നിവകൊണ്ടുള്ള ഭക്ഷണം, വെള്ളരി, തണ്ണിമത്തന്‍, കരിമ്പ് തുടങ്ങിയവും ആനകള്‍ക്ക് നല്‍കി.
ഗജദിനത്തോട് അനുബന്ധിച്ച് പന്തിയിലെ മുതിര്‍ന്ന് ആനപാപ്പാനായ ബൊമ്മനെ പൊന്നാട അണിയിച്ച് ആദരി്ച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ആന സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുക എ ഉദ്ദ്യേശത്തോടെയാണ് ലോക ഗജദിനം ആഘോഷിക്കുന്നത്. വയനാട് വന്യജീവിസങ്കേതത്തിലെ എല്ലാ റെയിഞ്ചുകളിലും ഗജദിനം ആചരിച്ചു. മുത്തങ്ങയില്‍ നടന്ന ഗജദിനഘോഷം എലിഫന്റ് സ്‌ക്വാഡ് ആന്റ് ആര്‍.ആര്‍.ടി റെയിഞ്ചര്‍ ആര്‍.വിനോദ്, മുത്തങ്ങ അസിസിറ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹീരാലാല്‍, വനംവകുപ്പ് ഉദോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ആന ദിനാചരണം സംഘടിപ്പിച്ചു. മാനന്തവാടി ഗിബ്‌സ് ഹാളില്‍ നടത്തിയ പരിപാടികള്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി അധ്യക്ഷനായി.
ബേഗൂര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍, മാനന്തവാടി റെയ്ഞ്ചര്‍ പി രവി സംസാരിച്ചു. കാട്ടാന സംരക്ഷണം വയനാടിന്റെ വീക്ഷണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് ഇ നാരായണന്‍ നേതൃത്വം നല്‍കി. കാട്ടാനകളും കര്‍ഷകരുടെ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളും സംബന്ധിച്ചു .
ഗൂഡല്ലൂര്‍: ലോക ആന ദിനം മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ തൊപ്പക്കാടിലെ ആന വളര്‍ത്തു കേന്ദ്രത്തില്‍ വിപുലമായി ആഘോഷിച്ചു. നീലഗിരി ജില്ലയില്‍ അയ്യായിരത്തില്‍പ്പരം കാട്ടാനകളുണ്ട്. തൊപ്പക്കാട് ആന വളര്‍ത്തു കേന്ദ്രത്തില്‍ 26 വളര്‍ത്താനകളുണ്ട്.
മായാര്‍ പുഴയില്‍ ആനകളെ കുളിപ്പിച്ച് പ്രത്യേകതരം ഭക്ഷണം നല്‍കി. കരിമ്പ്, വെല്ലം, ചക്കരചോറ് തുടങ്ങിയ ഭക്ഷണങ്ങളാണ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ മുതുമല കടുവാസംരക്ഷണം കേന്ദ്രം ഫീല്‍ഡ് ശ്രീനിവാസ റെഡ്ഡി, ഡപ്യൂട്ടി ഡയറക്ടര്‍ ശരവണന്‍, റെയ്ഞ്ചര്‍മാരായ ആരോഗ്യസ്വാമി, ജ്ഞാനദാസ്, കാന്തന്‍, ചടയപ്പന്‍, ഡോ. വിജയരാഘവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."